കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഉടനെന്ന് സൗദി എയര്‍ലൈന്‍സ്

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വലിയവിമാനങ്ങളുടെ സർവ്വീസ് ഉടൻ തുടങ്ങുമെന്ന് സൗദി എയർലൈൻസ്. സർവ്വീസ് തുടങ്ങാൻ ആവശ്യമായ എല്ലാ അനുമതിയും ലഭിച്ചുവെന്ന് അധികൃതർ അറിയിച്ചു. അതേസമയം കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യയാത്രക്കായി എയര്‍ ഇന്ത്യ എക്‌സ്പ്രസും ബുക്കിംഗ് തുടങ്ങി.

മൂന്ന് വർഷമായി നിലച്ച വലിയവിമാനങ്ങളുടെ സർവ്വീസാണ് പുനരാരംഭിക്കാന്‍ ഒരുങ്ങുന്നത്. എല്ലാ അനുമതിയും ലഭിച്ചുവെന്നും ഷെഡ്യൂൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും സൗദിഎയർലൈൻസ് അധികൃതർ അറിയിച്ചു. ഡിസംബർ ആദ്യം സർവ്വീസ് തുടങ്ങുമെന്നാണ് സൂചന. കരിപ്പൂരിനൊപ്പം നിലവിൽ തിരുവനന്തപുരത്ത് നിന്നുള്ള സർവ്വീസുകളും സൗദി എയർലൈൻസ് തുടരും.

റണ്‍വേ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുന്‍പാണ് കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിരോധിച്ചത്. സൗദി എയര്‍ലൈന്‍സിന് പുറമെ എയര്‍ ഇന്ത്യയും കരിപ്പൂരില്‍ നിന്നുള്ള സര്‍വ്വീസിന് സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഇതിനായുള്ള സുരക്ഷാപരിശോധനകൾ പൂര്‍ത്തിയാക്കിയിട്ടില്ല. അതേസമയം കണ്ണൂർ വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ദിവസത്തെ യാത്രയ്ക്ക് എയർഇന്ത്യ എക്സ്പ്രസ് ബുക്കിങ് ആരംഭിച്ചു. അബുദബി, റിയാദ്, ദോഹ യാത്രക്കുള്ള ബുക്കിംഗാണ് തുടങ്ങിയത്. 186 യാത്രക്കാരെ ഉൾക്കൊള്ളുന്ന വിമാനത്തിന്‍റെ ടിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീർന്നു. ഡിസംബർ ഒൻപതിന് അബുദബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുഖ്യമന്ത്രിയാണ് ഫ്ലാഗ് ഓഫ് ചെയ്യുക.

error: Content is protected !!