സ്ത്രീകൾ വരുന്നത് സംബന്ധിച്ചല്ല ബിജെപിയുടെ സമരമെന്ന് സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള

ശബരിമലയിൽ സ്ത്രീകൾ വരുന്നത് സംബന്ധിച്ചല്ല ബി ജെ പിയുടെ ഇപ്പോഴത്തെ സമരമെന്ന് സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ബി ജെ പിയുടെ സമരം ശബരിമലയിലെ യുവതി പ്രവേശനത്തിന് എതിരെയല്ല. സ്ത്രീകൾ വരുന്നത് സംബന്ധിച്ചല്ല ബി ജെ പിയുടെ സമരം. കമ്യൂണിസ്റ്റുകാർ ഇതിനെ തകർക്കാൻ ശ്രമിക്കുന്നു. ആ കമ്യൂണിസ്റ്റുകാർക്ക് എതിരായിട്ടാണ് തങ്ങളുടെ സമരമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കോടിക്കണക്കിന് ആളുകളുടെ ഒപ്പ് ശേഖരിക്കാൻ വീടുകളിൽ പോകുന്നത് അതിനു വേണ്ടിയാണെന്നും അല്ലാതെ അവിടെ സ്ത്രീകൾ വരുന്നോ പോകുന്നോ എന്ന് നോക്കാൻ വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയെ തകർക്കാനുള്ള ശ്രമത്തിൽ സർക്കാർ അവരുടെ അജൻഡയുമായി മുന്നോട്ടു പോകുകയാണ്. ബി ജെ പിക്ക് അതിനോട് യോജിക്കാൻ നിർവാഹമില്ല. സമരം ശബരിമലയെ തകർക്കുന്ന സർക്കാരിനെതിരെയാണെന്നും ബി ജെ പി അതിന്‍റെ സർവശക്തിയുമെടുത്ത് അതിനെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. പോരാട്ടമെന്നാൽ കലാപമല്ലെന്നും നിയമപോരാട്ടം, രാഷ്ട്രീയ പോരാട്ടം എന്നൊക്കെയാണ് അർത്ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല പോരാട്ടം ബിജെപി നയിക്കുമെന്നും പിഎസ് ശ്രീധരൻ പിള്ള. സന്നിധാനത്തെ അറസ്റ്റിൽ ജുഡീഷ്യൽ അന്വേഷണം വേണം. പൊലീസ് അല്ല അന്തിമ വിധികർത്താവ്. പൊലീസിന് എന്ത് അധികാരമാണ് ഇത്തരത്തിൽ അറസ്റ്റ് ചെയ്യാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഇന്നലെ സന്നിധാനത്ത് വിശ്വാസികൾക്ക് നേരെ നടന്ന കാടത്തം ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരതയാണ്. ശബരിമലയിൽ ഇന്നലെ നടന്ന സംഭവങ്ങൾ അപലപനീയമാണ്. ഒരു പ്രകോപനവുമില്ലാതെയാണ് ഭക്തരെ അറസ്റ്റ് ചെയ്തത്. യാതൊരു പ്രകോപനവുമില്ലാതെ മടങ്ങിപ്പോകുന്ന ഭക്തരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസിന് എന്ത് അധികാരമാണ് ഇത്തരത്തിൽ അറസ്റ്റ് ചെയ്യാനുള്ളത്. പൊലീസ് ഓഫീസർമാരെ വെറുതെ വിടാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആകെ അപകടകരമായ സ്ഥിതിയാണ്. പൊലീസ് രാജിന്‍റെ പ്രദേശമായി കേരളം മാറിയിരിക്കുകയാണ്. മനുഷ്യാവകാശങ്ങൾക്ക് വിലയില്ലാത്ത ഒരു പ്രദേശമായി മാറി. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇതാദ്യമായിട്ടാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ബി ജെ പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെതിരെ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ബിജെപിയുടെ ആവശ്യം. ജനപിന്തുണയാണ് ബിജെപിയുടെ ശക്തി. ആർ എസ് എസുകാർക്കും ബി ജെ പിക്കാർക്കും ശബരിമലയിൽ പൊയ്ക്കൂടേ. അങ്ങനെ പറ്റില്ലെങ്കിൽ എഴുതി വെയ്ക്കട്ടെയെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

വീഡിയോ കടപ്പാട്: ന്യൂസ്18മലയാളം

error: Content is protected !!