‘ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാൻ എന്തവകാശം?’; സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സുപ്രീംകോടതി വിധിയുടെ മറവിൽ സന്നിധാനത്ത് നടക്കുന്നത് പൊലീസ് അതിക്രമമാണെന്ന് ഹൈക്കോടതി വിമർശിച്ചു. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാൻ പൊലീസിന് എന്തവകാശമാണുള്ളത്? ഇന്ന് ഉച്ചയ്ക്ക് തന്നെ എജിയോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാനും കോടതി നിർദേശിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങൾക്കെതിരായി നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം.

ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചാണ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്. യഥാർഥ ഭക്തരെയും തീർത്ഥാടകരെയും ശബരിമലയിലെത്തിക്കാൻ സർക്കാരിന് കടമയുണ്ട്. അവർക്ക് വേണ്ട യാതൊരു സൗകര്യങ്ങളും സർക്കാർ ശബരിമലയിലൊരുക്കിയിട്ടില്ല. കെഎസ്ആർടിസിയ്ക്ക് ശബരിമലയിൽ കുത്തക നൽകുന്നത് ശരിയാണോ? കോടതി ചോദിച്ചു.

ശബരിമലയിൽ ഇപ്പോൾ ഡ്യൂട്ടിയിലുള്ള എല്ലാ ഉന്നത പൊലീസുദ്യോഗസ്ഥരുടെയും വിവരങ്ങൾ നൽകാനും സർക്കാരിനോട് കോടതി നിർദേശിച്ചു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് എജി ഹാജരായി വിശദീകരണവും വിവരങ്ങളും നൽകേണ്ടത്.

ശബരിമലയിലെ ക്രമസമാധാനം നിയന്ത്രിക്കുന്നതിനായി കർശന പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ നീക്കത്തിന് കടുത്ത തിരിച്ചടിയാണ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.

error: Content is protected !!