നവോത്ഥാന സദസ്സ് ഉദ്ഘാടകനായി പി കെ ശശി; എതിര്‍പ്പുയര്‍ത്തി ഒരു വിഭാഗം നേതാക്കള്‍

സിപിഎമ്മിന്‍റെ നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്ത് ഷൊര്‍ണൂര്‍ എംഎല്‍എ പി. കെ ശശി. ലൈംഗിക പീഡനാരോപണ വിധേയനായ ശശി, ഒരു വിഭാഗം പ്രവർത്തകരുടെ എതിർപ്പ് കണക്കിലെടുക്കാതെയാണ് പാർട്ടി വേദികളിൽ സജീവമാകുന്നത്. ആരോപണമുന്നയിച്ചവരെ പരസ്യമായി വെല്ലുവിളിക്കുന്ന നിലപാടാണ് ശശിയുടെതെന്ന് ഒരു വിഭാഗം നേതാക്കൾ പറയുന്നു.

ലൈംഗിക പീഡന പരാതിയിൽ നടപടി അനന്തമായി നീളുന്നതിനിടെയാണ് ചെർപ്ലശ്ശേരിയിൽ ശബരിമല വിഷയത്തിൽ നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്യാൻ പി കെ ശശി എത്തിയത്. യുവതീ പ്രവേശനത്തിൽ സിപിഎമ്മിന്‍റെ നിലപാട് വ്യക്തമാക്കാനാണ് വനിതകൾ ഉൾപ്പെടെയുളള സദസ്സിനെ പി കെ ശശി അഭിസംബോധന ചെയ്തത്. ശശിക്കെതിരായ പരാതി അന്വേഷിക്കുന്ന എ കെ ബാലൻ, മുഖ്യമന്ത്രി എന്നിവരുമായി പൊതുപരിപാടികളിൽ ശശി വേദി പങ്കിട്ടിരുന്നു.

ശശിയെ ഒപ്പം നിർത്തലാണ് പാർട്ടിനിലപാടെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതിന് തുല്യമായാണ് ഇതിനെ ഒരു വിഭാഗം സിപിഎം നേതാക്കൾ കാണുന്നത്. ഈ സാഹചര്യത്തിലായിരുന്നു പെൺകുട്ടി വീണ്ടും പരാതി നൽകിയത്. ചെർപ്ലശ്ശേരിയിലെ നവോത്ഥാന സദസ്സ് ശശി ഉദ്ഘാടനം ചെയ്തതിനെ അമർഷത്തോടെയാണ് ജില്ലാ നേതൃത്വത്തിലെ മുതിർന്ന പ്രവർത്തകർ വിലയിരുത്തുന്നത്. ലൈംഗിക പീഡനാരോപണം നേരിടുന്ന ശശിക്ക്, സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമെന്തെന്ന് ഇവർ ചോദിക്കുന്നു.

ശശിയെ ഉദ്ഘാടകനാക്കിയതിൽ തെറ്റില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ ഔദ്യോഗിക വിശദീകരണം. ആരോപണം തെളിയും വരെ ശശി കുറ്റക്കാരനല്ലെന്നും നേരത്തെ നിശ്ചയിച്ച പ്രകാരമാണ് ശശി ഉദ്ഘാടകനായതെന്നും ജില്ലാ നേതൃത്വം വിശദീകരിക്കുന്നു. അടുത്ത ആഴ്ച നടക്കുന്ന സിപിഎം കാൽനട പ്രചരണ ജാഥയുടെ ഷൊർണൂർ മണ്ഡലം ക്യാപ്റ്റനായി ശശിയെത്തുമ്പോൾ എതിർപ്പുകൾ കൂടുകയാണ്. ഒപ്പം ജില്ലാ നേതൃത്വത്തിന്‍റെ പ്രതിസന്ധിയും.

error: Content is protected !!