ശബരിമലയില്‍ കനത്ത സുരക്ഷ; ഉച്ച മുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കും

ചിത്തിര ആട്ട ആഘോഷത്തിന് നട ഇന്ന് തുറക്കാനിരിക്കെ ശക്തമായ പോലീസ് കാവലിലാണ് ശബരിമല . 20 കമാന്റോകളും 100 വനിത പൊലീസും അടക്കം 2300 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ശബരിമലയിൽ നിയോഗിച്ചിട്ടുള്ളത്. ശബരിമലയ്ക്ക് 20 കിലോമീറ്റർ അകലെ മുതൽ തന്നെ പൊലീസ് ശക്തമായ കാവൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും പരിശോധനയുണ്ട്.

ജലപീരങ്കിയും കണ്ണീർവാതക ഷെല്ലുകൾ ഉതിർക്കുന്ന പ്രത്യേക വാഹനവും അടക്കമുള്ള എല്ലാ സന്നാഹങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. മുൻപ് സംഘർഷങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ മുഖം തിരിച്ചറിയുന്ന ക്യാമറകളും സ്ഥാപിച്ചു. ഇന്നും നാളെയും  തിരിച്ചറിയല്‍കാര്‍ഡില്ലാതെ ആരെയും നിലയ്ക്കൽ മുതൽ കടത്തിവിടില്ല. തീർഥാടകർ അല്ലാത്തവരെ നിലയ്ക്കൽ എത്തും മുൻപേ തിരിച്ചയയ്ക്കും. തീർഥാടകരെ ഇന്ന് ഉച്ചയോടെയാകും പമ്പയിലേക്ക് കടത്തിവിടുക. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുന്നത്. ഇരുമുടിക്കെട്ടില്ലെങ്കിൽ തടയുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു പൊലീസ് വ്യക്തമാക്കി.

മുന്‍പ് എങ്ങുമില്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇപ്പോള്‍ ശബരിമലയിലുള്ളത്. സന്നിധാനത്തും പരിസരങ്ങളിലും നിരോധനാജ്ഞ നിലവിലുണ്ട്. നിലക്കൽ, ഇലവുങ്കൽ, പമ്പ, സന്നിധാനം എന്നീ നാല് സ്ഥലങ്ങളിലാണ് നാളെ അർധരാത്രിവരെ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.  ചീഫ് പോലീസ് കോര്‍ഡിനേറ്ററായ ദക്ഷിണ മേഖല എ.ഡി.ജി.പി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്‍ ജോയിന്റ് പോലീസ് കോര്‍ഡിനേറ്റര്‍ ആയിരിക്കും. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐ.ജി എം.ആര്‍.അജിത് കുമാറും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഐ.ജി.അശോക് യാദവും സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനും മേല്‍നോട്ടം വഹിക്കും. പത്ത് വീതം എസ്.പിമാരും ഡി.വൈ.എസ്.പി മാരും ഡ്യൂട്ടിയിലുണ്ടാകും

error: Content is protected !!