എടിഎം കവര്‍ച്ചാക്കേസ്; ഒരാള്‍ അറസ്റ്റില്‍

കൊച്ചിയിലെയും തൃശ്ശൂരിലെയും എടിഎം കവർച്ച കേസിലെ പ്രതികളിൽ ഒരാൾ അറസ്റ്റിൽ. ഡൽഹിയിലും രാജസ്ഥാനിലും  തിരച്ചില്‍ നടത്തുന്ന അന്വേഷണ സംഘമാണ് മറ്റൊരു മോഷണ കേസിൽ തീഹാർ ജയിലിൽ കഴിയുന്ന പ്രതിയെ ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിലെ ആദ്യ അറസ്റ്റാണിത്. ഇയാളെ ഈ മാസം 14 നകം തെളിവെടുപ്പിനായി കൊച്ചിയിൽ കൊണ്ടുവരാനാണ് നീക്കം. പ്രതികൾ ഉത്തരേന്ത്യൻ സ്വദേശികളാണെന്ന് പൊലീസ് നേരത്തെ ഉറപ്പിച്ചിരുന്നു. ഫോണ്‍ കോളുകളിൽ നിന്നാണ് പ്രതികളെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് കിട്ടിയത്.

കോട്ടയത്തു നിന്ന് തുടങ്ങിയ മോഷണ ശ്രമങ്ങൾ നടത്തിയത് അഞ്ച് പേരിൽ കൂടുതൽ ഉള്ള സംഘമാണ് എന്നാണ് നിഗമനം. ഇവരിൽ മൂന്ന് പേര്‍ രാജസ്ഥാനിലെ ഭരത്പൂർ സ്വദേശികളും രണ്ട് പേർ ഹരിയാനയിലെ മേവാഡ് സ്വദേശികളും ആണ്.

എറണാകുളം ഇരുമ്പനത്തെയും കൊരട്ടിയിലെയും എടിഎമ്മുകളില്‍ നിന്നും 35 ലക്ഷം രൂപ കവര്‍ന്ന സംഘം സംസ്ഥാനം വിട്ടതായി അന്വേഷണ സംഘത്തിന്‍റെ ഉറപ്പിച്ചിരുന്നു. പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തിയത്.

error: Content is protected !!