സുമംഗല ടീച്ചർക്ക് സി.എച്ച്.എം കണ്ണീരോടെ വിട നൽകി

തങ്ങളോടൊപ്പം നീണ്ട 18 വർഷം അധ്യാപന ജീവിതം നയിച്ച സുമംഗല ടീച്ചർക്ക് എളയാവൂർ സി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂളിലെ സഹപ്രവർത്തകരായ അധ്യാപകരും മറ്റ് ജീവനക്കാരും, വിദ്യാർത്ഥികളും മാനേജ്മെന്റ് പ്രതിനിധികളും നാട്ടുകാരും, രക്ഷിതാക്കളും കണ്ണീരോടെ വിട നൽകി. കഴിഞ്ഞ ഒരു വർഷം മുമ്പ് മാരക രോഗം പിടിപ്പെട് ചികിത്സ തേടുകയും അതിൽ നിന്ന് മുക്തി നേടി വീണ്ടും അധ്യാപനത്തിൽ തിരിച്ചെത്തുകയും വളരെ സന്തോഷത്തോടെ കഴിഞ്ഞു പോകുന്ന വേളയിൽ കഴിഞ്ഞ 3 മാസം മുമ്പ് വീണ്ടും തന്നെ രോഗം പിടികൂടുന്നുണ്ട് എന്ന് മനസ്സിലാക്കിയ ടീച്ചർ വിദഗ്ദ ചികിത്സ നേടുംവഴിയാണ് ഇന്നലെ വൈകുന്നേരത്തോടെ മരണം സംഭവിച്ചത്.ഈ ദു:ഖ വാർത്ത സി.എച്ച്.എമ്മിലെ സഹപ്രവർത്തകർക്ക് വിശ്വസിക്കാൻ സാധിച്ചില്ല.

ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്ന കണ്ണൂർ നോർത്ത് ഉപജില്ലാ കലോത്സവ വേദിയിലുള്ള സി.എച്ച്.എമ്മിലെ കുറച്ച് അധ്യാപകരാണ് ഈ വാർത്ത ആദ്യം കേട്ടത്.അത് ശരിയാണോ എന്നറിയാൻ അവർ ഉടൻ തന്നെ കണ്ണൂർ എകെജി ഹോസ്പിറ്റലിലേക്ക് ഓടിയെത്തി.എന്നാൽ തങ്ങൾ കേട്ട വാർത്ത സത്യമാണെന്ന് അവർക്ക് ബോധ്യപ്പെട്ടു. തങ്ങളുടെ കുടുംബത്തിലെ ഒരു മൂത്ത സഹോദരി നഷ്ടപ്പെട്ടിരിക്കുന്നു. സുമംഗല ടീച്ചർ അങ്ങിനെയായിരുന്നു. കുട്ടികൾക്ക് മാത്രമല്ല നൂറോളം സ്റ്റാഫംഗങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ടീച്ചർ സർവ്വീസ് തുടങ്ങുന്ന കാലഘട്ടം മുതൽ വിടവാങ്ങുന്ന ഇന്നലെ വരെ. ആരോടും ദേഷ്യപ്പെടാതെ എന്നും പുഞ്ചിരിച്ച് പെരുമാറുന്ന ടീച്ചർ, വീട്ടിൽ നിന്ന് സ്കൂളിലേക്ക് വരുന്ന സമയങ്ങളിൽ തന്റെ സഹപ്രവർത്തകർക്ക് മധുരവും ഭക്ഷണവും കൊണ്ടുവരുന്ന ടീച്ചർ, ടീച്ചറുടെ വീട്ടിൽ പോകുന്നവരെ സൽക്കരിക്കുന്ന ടീച്ചർ അങ്ങിനെയായിരുന്നു സി.എച്ച്.എമ്മിൽ സുമംഗല ടീച്ചർ.

പ്രിൻസിപ്പാൾ സി.സുഹൈൽ മാസ്റ്ററും പ്രധാന അധ്യാപകൻ പി.പി.സുബൈർ മാസ്റ്ററും ആശുപത്രിയിലുണ്ടായിരുന്നു. ടീച്ചർ 18 വർഷം സേവനം ചെയ്ത സി.എച്ച്.എമ്മിന്റെ തിരുമുറ്റത്ത് ടീച്ചർക്ക് അന്ത്യയാത്ര നൽകണമെന്ന തീരുമാനമെടുത്താണ് അവർ തിരിച്ചു പോയത്.ഇന്ന് കാലത്ത് തന്നെ സി.എച്ച്.എമ്മിലെ ജീവനക്കാരെല്ലാം സ്കൂളിൽ എത്തുകയും ടീച്ചറുടെ മൃതശരീരം സ്കൂളിൽ പൊതു ദർശനത്തിന് വെക്കാനുള്ള സൗകര്യങ്ങൾ ചെയ്യുകയും ചെയ്തു. നേരത്തെ നിശ്ചയിച്ചതിന് വിപരീതമായി ടീച്ചറുടെ ഭൗതിക ശരീരം രാവിലെ 10.30 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. അപ്പോഴേക്കും സ്കൂളിന്റെ പരിസരം അധ്യാപകരും, പൂർവ്വ വിദ്യാർത്ഥികളും, കുട്ടികളും, രക്ഷിതാക്കളും, നാട്ടുക്കാരും ,സമൂഹത്തിലെ നാനാ തുറകളിലുള്ളവരും മാനേജ്മെന്റ് പ്രതിനിധികളും അടക്കം തടിച്ചു കൂടിയിരുന്നു. വാർത്ത കേട്ടവർ ടീച്ചറെ ഒരു നോക്ക് കാണാൻ സി.എച്ച്.എമ്മിലേക്ക് ഓടിയെത്തി. രാവിലെ 10.30 മുതൽ 12 മണി വരെ പൊതു ദർശനത്തിന് വെച്ച സി.എച്ച്.എമ്മിൽ അന്തിമോപചാരം അർപ്പിക്കാൻ മുൻ എം എല്‍ എ പി.അബ്ദുള്ളക്കുട്ടി, കണ്ണൂർ കോർപ്പറേഷൻ കൗൺസിലർമാരായ വെള്ളോറ രാജൻ, സി.എറമുള്ളാൻ, ഷാഹിന മൊയ്തീൻ, വി. ജ്യോതി ലക്ഷ്മി, കണ്ണൂർ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കളായ സുരേഷ് ബാബു എളയാവൂർ, മുണ്ടേരി ഗംഗാധരൻ, ടി.എൻ.എ ഖാദർ, പി.മാധവൻ മാസ്റ്റർ, കെ എസ് ടി എ ജില്ലാ ഭാരവാഹികൾ, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ, വാരം, എളയാവൂർ up സ്കൂളിലെ അധ്യാപകർ തുടങ്ങിയവർ സ്കൂളിൽ എത്തിച്ചേർന്നു.

തങ്ങളുടെ സ്വന്തം ടീച്ചറുടെ മുഖമൊന്ന് അവസാനമായി കാണാൻ വരിനിന്ന സി.എച്ച്.എമ്മിലെ അധ്യാപകർ നിറകണ്ണുകളോടൊ യാണ് ടീച്ചറെ കണ്ടത്. ടീച്ചർ ഏറെ കാലം സേവനം ചെയ്ത മണ്ണിൽ നിന്നും അവസാന യാത്ര നൽകി കൊണ്ട് 12 മണിക്ക് കൊളച്ചേരിയിലുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി. ടീച്ചർ ഓർമയായിരിക്കുകയാണ്. സി.എച്ച്.എം എന്ന വലിയ കുടുംബത്തിലെ അംഗം വിട പറഞ്ഞിരിക്കുന്നു. സി.എച്ച്.എമ്മിന്റെ ചരിത്രത്തിലാദ്യമായി തങ്ങളോടൊപ്പം ജോലി ചെയ്ത സഹ പ്രവർത്തകക്ക് സി.എച്ച്.എമ്മിന്റെ തിരുമുറ്റത്ത് നിന്ന് കണ്ണീരോടെ വിട നൽകിയിരിക്കുന്നു. ടീച്ചർ മരിച്ചിട്ടില്ല. ടീച്ചർ തന്ന സ്നേഹവും വാത്സല്യവും എന്നും ഓർമകളായി സി.എച്ച്.എമ്മിൽ നില നിൽക്കും.

 

error: Content is protected !!