ശബരിമലയിലെ മാധ്യമ വിലക്ക്: സര്‍ക്കാര്‍ ഒത്തുകളിയെന്ന് ഉമ്മന്‍ചാണ്ടി

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി രംഗത്ത്. സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്. സര്‍ക്കാരിന്റെ രഹസ്യ അജണ്ടകള്‍ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമലയെന്നും ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു പാര്‍ട്ടിയുടെ ആശയങ്ങളും നയങ്ങളും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയല്ല ചെയ്യേണ്ടതെന്നും, ഇത്തരത്തില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തെറ്റും ശരിയും തിരിച്ചറിയാനുള്ള അവസരം ജനങ്ങള്‍ക്കുണ്ടാകണം. അതിന് മാധ്യമങ്ങളുടെ സാന്നിധ്യവും ഇടപെടലും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ശബരിമല ഒരു പൊതുസ്ഥലമാണ്. ലക്ഷക്കണക്കിന് ആളുകള്‍ വരുന്ന സ്ഥലം. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ അവിടെ മാധ്യമങ്ങളുടെ സാന്നിധ്യം അത്യാവശ്യമാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ച് ശബരിമല നട നാളെ തുറക്കുന്ന സാഹചര്യത്തിലാണ് ശബരിമല സന്നിധാനത്തും പരിസരങ്ങളിലും പൊലീസ് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകരെ ഇലവുങ്കല്‍ കവലയില്‍വെച്ച് തടഞ്ഞു. നേരത്തെ നിലയ്ക്കല്‍ ബേസ്‌ക്യാമ്പ് വരെ പ്രവേശനം ഉണ്ടാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ അട്ടത്തോട് നിവാസികളെയും പമ്പയില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ളവരെയും മാത്രമേ നിലയ്ക്കല്‍ കടന്നുപോകാന്‍ അനുവദിക്കുന്നുള്ളൂ.

മാധ്യമങ്ങള്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയ പൊലീസ് കഴിഞ്ഞ ദിവസം നിലയ്ക്കലിന് രണ്ടു കിലോ മീറ്റര്‍ മുമ്പ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞിരുന്നു. ഇവിടെ പൊലീസ് ബാരിക്കേഡും കാവലും ഏര്‍പ്പെടുത്തി. ഇതാദ്യമായാണ് നിലയ്ക്കല്‍ മുതല്‍ സന്നിധാനംവരെ മാധ്യമവിലക്ക് ഏര്‍പ്പെടുത്തുന്നത്.

അതേസമയം ശബരിമലയില്‍ മാധ്യമവിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കെ.യു.ഡബ്ല്യൂ.ജെ പരാതി നല്‍കി. പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയതായും കെ.യു.ഡബ്ല്യൂ.ജെ അറിയിച്ചു. നിരോധനാജ്ഞയുടെ മറവില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതാണെന്നും കെ.യു.ഡബ്ല്യൂ.ജെ ആരോപിച്ചു.

error: Content is protected !!