ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ല: ഡിജിപി

ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഡിജിപി പറഞ്ഞു. സുരക്ഷ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കുമെന്നും ബെഹ്‌റ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

തുലാമാസ ചടങ്ങുകള്‍ക്ക് നടതുറന്ന സമയത്ത് ശബരിമലയിലും പരിസരത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ്  മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ തീരുമാനമെടുത്തത്. ചിത്തിര ആട്ടവിശേഷത്തിന് നാളെ ശബരിമല നട തുറക്കുന്നതിനാല്‍ ശബരിമലയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം യുവതി പ്രവേശനത്തിനെതിരെ ശബരിമലയിലും നിലയ്ക്കലിലും ഉണ്ടായ സംഘര്‍ഷത്തില്‍ 3731 പേര്‍ ഇതുവരെ അറസ്റ്റിലായി. കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

error: Content is protected !!