റഫാല്‍: വിലവിവരം സുപ്രിം കോടതിക്കും നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി ലഭിച്ചതിന് പിന്നാലെ റഫാൽ വിമാനങ്ങളുടെ വില പൂർണ്ണമായും വെളിപ്പെടുത്താനാകില്ലെന്ന വിശദീകരണവുമായി കേന്ദം. അടിസ്ഥാന വില മാത്രമേ കോടതിക്കും നല്കാനാകൂവെന്ന് കേന്ദ്രം വ്യക്തമാക്കി.  ഇടപാടിന്റെ രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. വില അടക്കമുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാനാവില്ലെന്ന് ഇന്നലെത്തന്നെ എ.ജി കോടതിയെ അറിയിച്ചിരുന്നു.

ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍- വില നിലവാരം,വിമാനം വാങ്ങുന്നതിന് വരുന്ന ചെലവ് എന്നിവ അടക്കം എല്ലാ രേഖകളും 10 ദിവസത്തിനകം നല്‍കാനാണ് കോടതി ഇന്നലെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. റഫാല്‍ വിമാനങ്ങളുടെ വിലയും ചെലവും മേന്മകളെന്തെങ്കിലുമുണ്ടെങ്കില്‍ അതും വിശദമായി അറിയാന്‍ താത്പര്യമുണ്ടെന്ന് കോടതി നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

ഇതു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.രാജ്യസഭാംഗം സഞ്ജയ് സിങ്, മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷോരി, അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, എം.എല്‍. ശര്‍മ എന്നിവരുടെ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

error: Content is protected !!