കുടുംബശ്രീയുടെ ഷോപ്പിംഗ് മാള്‍ ‘മഹിളാ മാള്‍’ ഉദ്ഘാടനത്തിന്

രാജ്യത്തെ ആദ്യത്തെ മഹിളാമാള്‍ കോഴിക്കോട് ഉദ്ഘാടനത്തിനൊരുങ്ങി. പെണ്‍കരുത്തിന്റെ കയ്യൊപ്പ് എന്ന മുദ്രാവാക്യമുയര്‍ത്തി കോഴിക്കോട് കോര്‍പ്പറേഷനിലെ കുടുംബശ്രീ സി.ഡി.എസ് യൂണിറ്റാണ് മാളൊരുക്കിയിരിക്കുന്നത്. ഭരണതലം മുതല്‍ സെക്യൂരിറ്റി വരെ വനിതകളായിരിക്കുമെന്നതും മാളിന്റെ പ്രത്യേകതയാണ്.

രാജ്യത്തെ ആദ്യത്തെ വനിതാ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കപ്പെട്ട കോഴിക്കോട് നഗരം വനിതകളിലൂടെ തന്നെ വീണ്ടും ചരിത്രത്തിലിടം പിടിക്കുകയാണ്. ഇക്കുറി വനിതകളുടെ മേല്‍നോട്ടത്തില്‍ പൂര്‍ണമായും വനിതകള്‍ ജോലി ചെയ്യുന്ന മഹിളാ മാളിലൂടെയാണ് സ്ത്രീശാക്തീകരണരംഗത്ത് കോഴിക്കോട് ചുവടുറപ്പിക്കുന്നത്.

54 സെന്റ് ഭൂമിയില്‍ അഞ്ച് നിലകളിലായി മഹിളാ മാള്‍ ഒരുങ്ങിക്കഴിഞ്ഞു. 26 കൗണ്ടറുകള്‍ ഉള്‍പ്പെടുന്ന മൈക്രോ ബസാറും 80 ഷോപ്പ് മുറികളുമാണ് മാളിലുളളത്. കുടുംബശ്രീയുടെ ടെക്‌നോവേള്‍ഡ് ട്രെയിനിംഗ് സെന്റര്‍, ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ തുടങ്ങി ഷീ ടാക്‌സി ഹെല്‍പ്പ് ഡെസ്‌ക് വരെ മാളിലുണ്ട്.

ഫുഡ് കോര്‍ട്ടും ഇലക്ട്രോണിക് പ്ലേ സോണും മാളിനെ ആകര്‍ഷകമാക്കും. പുറമേ ഫുഡ് കോര്‍ട്ടും എ.ടി.എം കൗണ്ടറുകളും മാളിലുണ്ടാകും. വനിതകള്‍ക്ക് ഏറെ തൊഴിലവസരം സൃഷ്ടിക്കുന്ന മാള്‍ ഈ മാസം 14ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.

error: Content is protected !!