പാലക്കാട് നഗരസഭയില്‍ ബി‌ജെ‌പിക്കെതിരെ യു.ഡി.എഫ് അവിശ്വാസപ്രമേയം

ബി.ജെ.പിക്ക് അധികാരമുള്ള കേരളത്തിലെ ഏക നഗരസഭയായ പാലക്കാട് ഭരണസമിതിയ്‌ക്കെതിരെ നാളെ യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവരും. പരസ്യമായി നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും അവിശ്വാസ പ്രമേയത്തെ സി.പി.ഐ.എം പിന്തുണയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. 52 അംഗ മുനിസിപ്പാലിറ്റിയില്‍ ബിജെപി 24, യുഡിഎഫ് 17, സി.പി.ഐ.എം 9 വെല്‍ഫയര്‍ പാര്‍ട്ടി 1, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് കക്ഷി നില.

ഒക്ടോബര്‍ 24ന് ഭരണസമിതിയ്‌ക്കെതിരെ യു.ഡി.എഫ് അവിശ്വസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ കോണ്‍ഗ്രസ് (13) മുസ്‌ലിം ലീഗ് (3) വെല്‍ഫെയര്‍ പാര്‍ട്ടി (1) എന്നിവര്‍ ഒപ്പുവെച്ചിരുന്നു. അവിശ്വാസപ്രമേയത്തിന് നോട്ടീസ് ലഭിച്ചാല്‍ മൂന്നു ദിവസത്തിനുള്ളില്‍ യോഗം വിളിക്കണമെന്നാണ് നിയമം.

കേവല ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലയിലാണ് മൂന്ന് വര്‍ഷം മുന്പ് പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപി അധികാരത്തിലെത്തിയത്. നഗരസഭാധ്യക്ഷ പ്രമീളാ ശശിധരനെതിരെ രാവിലെ ഒന്‍പതിനും ഉപാധ്യക്ഷന്‍ സി. കൃഷ്ണകുമാറിനെതിരെ ഉച്ചയ്ക്ക് ശേഷം മൂന്നിനുമാണ് അവിശ്വാസ പ്രമേയവും വോട്ടെടുപ്പും നടക്കുക.

നേരത്തെ ആരോഗ്യമൊഴിച്ചുള്ള ബി.ജെ.പിയുടെ അഞ്ച് സ്ഥിരം സമിതി അധ്യക്ഷരില്‍ നാലുപേരെ സി.പി.ഐ.എം പിന്തുണയോടെയാണ് യു.ഡി.എഫ് അവിശ്വാസം കൊണ്ടു വന്ന് പുറത്താക്കിയിട്ടുള്ളത്. അതേ സമയം ചര്‍ച്ചയും വോട്ടെടുപ്പും ബഹിഷ്‌കരിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.

error: Content is protected !!