രാമക്ഷേത്രം നിര്‍മിക്കുകയെന്നത് എന്‍റെ സ്വപ്‌നം, ആര്‍ക്കും തടയാനാകില്ല: ഉമാ ഭാരതി

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും ആര്‍ക്കും തടയാനാകില്ലെന്നും കേന്ദ്രമന്ത്രി ഉമാഭാരതി. രാമക്ഷേത്രം നിര്‍മിക്കുകയെന്നത് തന്റെ സ്വപ്നമാണെന്നും നിര്‍മാണത്തിനു എല്ലാ സഹായങ്ങളും നല്‍കുമെന്നും ഉമാ ഭാരതി വ്യക്തമാക്കി. രാംജന്മഭൂമി ആന്ദോളന്‍ പ്രതിഷേധത്തില്‍ സജീവമായി പങ്കെടുത്തയാളാണ് താനെന്നും ഉമാ ഭാരതി കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്രം നിര്‍ബന്ധമായും നിര്‍മ്മിക്കണമെന്നും സുപ്രീം കോടതി ഈ വിഷയത്തില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തന്റെ അഭിപ്രായത്തില്‍ കോടതി തീരുമാനം വൈകിയാല്‍ നിയമനിര്‍മാണത്തിലൂടെ ക്ഷേത്രം നിര്‍മിക്കണം. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായത്തെക്കുറിച്ച് പറയാനില്ലെന്നും അവര്‍ വിശദമാക്കി. രാമക്ഷേത്ര നിര്‍മാണം ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഉമാഭാരതിയുടെ പ്രസ്താവന.
രാമക്ഷേത്രനിർമാണത്തിനായി ഇനി കാത്തിരിക്കാനാകില്ലെന്നും ആവശ്യമെങ്കിൽ 1992 മോഡൽ പ്രക്ഷോഭം ആവർത്തിക്കുമെന്നും ആർഎസ്എസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രം ഉടൻ ഓർഡിനൻസ് ഇറക്കിയേക്കുമെന്ന സൂചന നൽകിയതിന് പിന്നാലെയാണ് ഉമാഭാരതി അടക്കമുള്ള കേന്ദ്രമന്ത്രിമാരുടെ പ്രസ്താവന.
ക്ഷേത്ര നിർമാണത്തിനു ബാബ്റി മസ്ജിദ് തകർക്കപ്പെട്ട ദിവസമായ ഡിസംബർ ആറ് തന്നെ തിരഞ്ഞെടുക്കണമെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി ആവശ്യപ്പെട്ടിരുന്നു. അന്നത്തെ ദിവസം രാജ്യത്തെ ഹിന്ദുക്കളെല്ലാം അയോധ്യയിലെത്തണമെന്നായിരുന്നു സാധ്വി പ്രാചിയുടെ ആവശ്യം.