നിലക്കലിൽ വിതരണത്തിനുള്ള കുടിവെള്ളം എവിടെ നിന്ന്; ഇനിയും വ്യക്തതയില്ലാതെ ദേവസ്വം ബോര്‍ഡ്

ശബരിമല തീർത്ഥാടന കാലം സമാഗതമായിരിക്കെ ബേസ് ക്യാമ്പായ നിലക്കലിൽ കുടിവെള്ള വിതരണം പ്രതിസന്ധിയിൽ. പ്രതിദിനം 40 ലക്ഷം ലിറ്റർ കുടിവെള്ളത്തിന്റെ സംഭരണവും വിതരണവുമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ കുടിവെള്ളം എവിടെ നിന്നെത്തിക്കും എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

40 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാനുള്ള സംവിധാനങ്ങളാണ് നിലക്കലിൽ ദേവസ്വം ബോർഡിനുള്ളത്. ജല അതോറിറ്റി ഇത്തവണ 25 ലക്ഷം ലിറ്റർ ശുദ്ധജലവും വിതരണം ചെയ്യും. ഇതിനായി 25 ആർ.ഒ പ്ലാന്റുകൾ വേണമെന്നിരിക്കെ 10 എണ്ണം കൂടി ലഭ്യമാക്കണം.

വാട്ടർ കിയോസ്കുകൾ വഴിയാണ് കുടിവെള്ള വിതരണം. എന്നാൽ ഇതിനായുള്ള പൈപ്പിടൽ പൂർത്തിയായിട്ടില്ല. ജല അതോറിറ്റി 5 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള 3 ടാങ്കുകളും 5000 ലിറ്റർ സംഭരണ ശേഷിയുള്ള 215 ടാങ്കുകളും ക്രമീകരിക്കും. നിലക്കലിൽ ദേവസ്വം ബോർഡിന് ഒരു ജലസംഭരണിയും കുളവുമുണ്ട്. എന്നാൽ ഈ ജലം പര്യാപ്തമല്ല.

സീതത്തോട്, പമ്പ എന്നിവിടങ്ങളിൽ നിന്ന് ടാങ്കർ ലോറി വഴി വെള്ളമെത്തിക്കും. 25000 ലിറ്റർ ശേഷിയുള്ള 30 ടാങ്കർ ലോറികൾ വെള്ളമെത്തിക്കുന്നതിനായുണ്ടാകും.

error: Content is protected !!