മന്ത്രി ജി സുധാകരന്‍റെ ഭാര്യയുടെ കേരള സർവകലാശാലയിലെ ജോലി സ്ഥിരപ്പെടുത്താൻ നീക്കം

മന്ത്രി ജി സുധാകരന്‍റെ ഭാര്യ ജൂബില നവപ്രഭയുടെ കേരള സർവകലാശാലയിലെ ജോലി സ്ഥിരപ്പെടുത്താൻ നീക്കം. സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടറേറ്റ് മേധാവിയുടെ താൽക്കാലിക തസ്തികയിൽ ഇവരെ നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. ജൂബില നവപ്രഭയെ ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്‍റ്, ടെക്നോളജി ആൻഡ് ടീച്ചേഴ്സ് എജ്യൂക്കേഷന്‍റെ മേധാവിയായി നിയമിച്ചത് കഴിഞ്ഞ മെയ് മാസത്തിലാണ്. താൽക്കാലിക അടിസ്ഥാനത്തിലുള്ള നിയമനം അന്ന് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

വിവിധ സ്വാശ്രയ കോഴ്സുകളുടെ ഏകോപനമാണ് ദൗത്യമെങ്കിലും അടിസ്ഥാന യോഗ്യത ബികോമാണ്. മാർക്ക് 50 ശതമാനം. ജൂബിലി നവപ്രഭയ്ക്കുള്ള അതേ ബിരുദവും മാർക്കും. കോളേജിൽ വൈസ് പ്രിൻസിപ്പലായെങ്കിലും ജോലിചെയ്ത് റിട്ടയർ ചെയ്തവർ തന്നെ വേണമെന്നുണ്ട് നിബന്ധന. അതും ജി സുധാകരന്‍റെ ഭാര്യക്ക് ഉണ്ട്. ചെരുപ്പിന് അനുസരിച്ച് കാല് വെട്ടുകയാണെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. പക്ഷെ സർവ്വകലാശാലയുടെ സ്വയംഭരണ ആവകാശമെന്ന വാദത്തിൽ തട്ടി പരാതികൾ അവാസനിച്ചു.

5 മാസത്തിന് ശേഷം ഈ തസ്തിക സ്ഥിരപ്പെടുത്താനാണ് കഴിഞ്ഞ ആഴ്ചത്തെ സിൻഡിക്കേറ്റ് തീരുമാനിച്ചത്. ഇതും മന്ത്രിയുടെ ഭാര്യക്ക് വേണ്ടിയാണെന്നാണ് ആരോപണം. എന്നാൽ തസ്തിക സ്ഥിരപ്പെടുത്തുമ്പോൾ പുതിയ അപേക്ഷകൾ ക്ഷണിച്ച് അവരിൽ നിന്നായിരിക്കും തെരഞ്ഞെടുപ്പെന്നാണ് കേരള സ‍ർവകലാശാലയുടെ വിശദീകരണം.

error: Content is protected !!