ആഴമില്ല; പമ്പയിൽ മുങ്ങി നിവരാൻ പോലും വെള്ളമില്ല

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് ഇക്കുറി പമ്പ സ്നാനം കടുത്ത പരീക്ഷണമാകും. ആഴം കുറഞ്ഞ് പരന്നൊഴുകുന്ന പമ്പയിൽ മുങ്ങി നിവരാൻ പോലും വെള്ളമില്ല. പലയിടത്തും രൂപപ്പെട്ട മണൽതിട്ടകളും ചുഴികളും അപകട സാധ്യത കൂട്ടുകയാണ്.

പ്രളയശേഷം പമ്പ നദി ഇപ്പോൾ ഈ വിധമാണ് ഒഴുകുന്നത്. ജലസമൃദ്ധമായിരുന്ന പമ്പ ഇപ്പോൾ ദരിദ്രമാണ്. സ്നാന ഘട്ടങ്ങളിലെല്ലാം മുട്ടൊപ്പം മാത്രം വെള്ളം. പലയിടത്തും അപകട ഭീഷണി ഉയർത്തി ചെളിയും മണ്ണും അടിഞ്ഞ് തിട്ട രൂപപ്പെട്ടിരിക്കുന്നു. പ്രളയം ഗതി മാറ്റിയ പമ്പയെ പഴയ വഴിക്ക് ഒഴുക്കിയെങ്കിലും പഴയ പമ്പ ഇനി ഓർമയാണ്. ജലവിതാനം ഉറപ്പ് വരുത്തുന്ന തടയണ പ്രളയത്തിൽ ഇല്ലാതായതാണ് പുഴ മെലിയാൻ കാരണം.

പ്രളയമെടുത്ത തീരം മണൽചാക്ക് നിരത്തി വീണ്ടെടുത്തു. ത്രിവേണി പാലത്തിൽ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. സ്നാന ഘട്ടങ്ങൾ പൂർവ സ്ഥിതിയിലാക്കാനും ശ്രമം നടക്കുന്നു. പാപമോചനത്തിന് പമ്പ സ്നാനമെന്നാണ് വിശ്വാസം. പക്ഷേ അതും ഇക്കുറി മറ്റൊരു പരീക്ഷണമാകും.

error: Content is protected !!