രണ്ടാമൂഴം: തിരക്കഥ തിരികെ വേണം, വിട്ടുവീഴ്ചക്കില്ലാതെ എം.ടി.

‘രണ്ടാമൂഴം’ എന്ന ചിത്രത്തിന് വേണ്ടി താൻ എഴുതിയ തിരക്കഥ തിരികെ വേണമെന്ന നിലപാട് കടുപ്പിച്ച് എം.ടി. വാസുദേവൻ നായർ. ‘ചർച്ചയ്ക്ക് ഞാൻ തയ്യാറല്ല. സിനിമയുടെ ചിത്രീകരണം തുടങ്ങാത്ത വേളയിൽ ചർച്ച ചെയ്യുന്നതിന് പ്രസക്തിയില്ല.’- എം.ടി. കോടതിയിൽ അറിയിച്ചു.എം.ടി. നൽകിയ കേസ് പരിഗണിക്കുന്നത് കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതി ഈ മാസം പതിനാലാം തീയതിയിലേക്ക് മാറ്റി.

നേരത്തെ എംടി യുടെ ഹർജി പരിഗണിച്ച കോടതി തിരക്കഥ ഉപയോഗിക്കുന്നതിന് താത്കാലിക വിലക്ക് ഏർപ്പെടുത്തുകയും സംവിധായകനും നിർമ്മാണ കമ്പനിക്കും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. തിരക്കഥ നൽകി മൂന്ന് വർഷത്തിനകം രണ്ടാമൂഴം സിനിമ ചിത്രീകരണം തുടങ്ങുമെന്ന കരാർ ലംഘിച്ചതോടെയാണ് എംടി കോടതിയെ സമീപിച്ചത്. അതിനിടെ, അനുരജ്ഞന ശ്രമവുമായി സംവിധായകൻ ശ്രീകുമാർ മേനോൻ എംടിയെ കണ്ടെങ്കിലും ഫലമുണ്ടായില്ല.

മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ എഴുതിയ തിരക്കഥ തിരികെ നൽകുമ്പോൾ മുൻകൂർ വാങ്ങിയ പണം തിരികെ നൽകുമെന്ന് എം ടി വാസുദേവൻ നായർ കോടതിയെ അറിയിച്ചിരുന്നു. രണ്ടാമൂഴം തിരക്കഥ തിരികെവേണമെന്ന എം ടി വാസുദേവന്‍ നായരുടെ നിലപാട് ഉറച്ചതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ശ്രീകുമാര്‍ മേനോനുമായി ഇനി ഒരു തരത്തിലും എം ടി സഹകരിക്കില്ലെന്ന് ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട്  അഭിഭാഷകന്‍ ശിവ രാമകൃഷ്ണന്‍ പറഞ്ഞു. ശ്രീകുമാര്‍ മേനോനിലുള്ള വിശ്വാസം നഷ്‍ടപ്പെട്ടതാണ് മാറിചിന്തിക്കാന്‍ എം ടിയെ പ്രേരിപ്പിച്ചത്. സംവിധായകനുമായി മുന്നോട്ട് പോകാന്‍ കഥാകൃത്തിന് താല്‍പര്യമില്ല.

കരാറിലെ കാലാവധി കഴിഞ്ഞ സമയത്ത് വക്കീല്‍ നോട്ടീസ് അയച്ചുവെങ്കിലും ശ്രീകുമാര്‍ മേനോന്റെ ഭാഗത്തുനിന്ന് മറുപടി ഉണ്ടായില്ല. തുടര്‍ന്നാണ് കേസിന് പോയത്.” രണ്ടാമൂഴം സിനിമയാക്കുക എന്നത് എംടിയുടെ ജീവിതാഭിലാഷമാണെന്നും അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.

error: Content is protected !!