എ.എംഎം.എയും നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മില്‍ തര്‍ക്കം മുറുകുന്നു

താര നിശയെ ചൊല്ലി അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മില്‍ തര്‍ക്കം മുറുകുന്നു. നിര്‍മ്മാതാക്കളുടെ താരനിശ പരിപാടിയിലേക്ക് അഭിനേതാക്കളെ അയക്കാനാവില്ലെന്ന് അമ്മ അറിയിച്ചു. അമ്മ നടത്തുന്ന താരനിശ കഴിഞ്ഞ് വിട്ട് വിട്ടു നല്‍കാമെന്നും സംഘടന വ്യക്തമാക്കി. ഈ വിഷയത്തില്‍ ഇരു സംഘടനകളും തമ്മില്‍ നവംബര്‍ 11ന് ചര്‍ച്ച നടക്കും.
അമ്മ സംഘടനയുടെ സ്റ്റേജ് ഷോയ്ക്കായി ചിത്രങ്ങളുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് താരങ്ങളെ കൊടുക്കാനാവില്ലെന്ന് മുമ്പ് നിര്‍മ്മാതാക്കളുടെ സംഘടന കത്തിലൂടെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സമാഹരിക്കുന്നതിന് വേണ്ടിയാണ് ഡിസംബര്‍ ഏഴിന് അമ്മ സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. ഇതിനു വേണ്ടി ഒരാഴ്ച ഷൂട്ടിങ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടുനല്‍കണമെന്ന് അമ്മ സെക്രട്ടറി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് വാട്‌സ് ആപ്പ് സന്ദേശമയച്ചിരുന്നു. ഇതിനെതിരെയാണ് നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്.
പ്രളയത്തില്‍ സിനിമാ വ്യവസായത്തിലെ അംഗങ്ങളടക്കം ഒട്ടനവധി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും തിയേറ്ററുകള്‍ പോലും പ്രദര്‍ശനയോഗ്യമല്ലാതാകുകയും ചെയ്തു. ഓണത്തിന് പോലും സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. വിഷു വരെയുള്ള റിലീസും ചിത്രീകരണവും കഷ്ടപ്പെട്ടാണ് ക്രമീകരിച്ചത് ഇത്തരമൊരു സാഹചര്യത്തില്‍ താരങ്ങളെ വിട്ടു തരാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.