നോട്ട് നിരോധനത്തിന്‍റെ രണ്ടാം വാർഷികം: മോദി ജനങ്ങളോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കോൺ​ഗ്രസ്. കോൺ​ഗ്രസ് വക്താവ് മനീഷ് തിവാരിയാണ് ആവശ്യവുമായി രം​ഗത്തെത്തിയിരിക്കുന്നത്. മോദി സർക്കാർ നാടിന്റെ സാമ്പത്തിക ഭദ്രതയെ തകിടം മറിച്ചുവെന്നും ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്നും തിവാരി ആരോപിച്ചു. ദില്ലിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് റദ്ദാക്കിയ നവംബര്‍ എട്ടാം തിയ്യതി , കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്യ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും മനീഷ് തിവാരി പറഞ്ഞു. മോദിയുടെ പരിഷ്‌കരണങ്ങള്‍ തുഗ്ലഖിന്റെതിനെ സമാനമാണെന്നും തിവാരി അഭിപ്രായപ്പെട്ടു. ‘നോട്ട് റദ്ദാക്കല്‍ കൊണ്ട് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഇരട്ടിച്ചതല്ലാതെ ഒന്നും മെച്ചപ്പട്ടില്ല. ഉയര്‍ന്നു വരികയായിരുന്ന ഒരു സമ്പത് വ്യവസ്ഥയെ വലിച്ച് താഴെയിട്ട തീരുമാനമായിരുന്നു നോട്ട് റദ്ദാക്കല്‍.’

നോട്ട് റദ്ദാക്കിയതിന്റെ ലക്ഷ്യമായി പറഞ്ഞ ഒരു കാര്യവും നടന്നിട്ടില്ല. 2016 നവംബര്‍ എട്ടിന് ഉണ്ടായിരുന്നതിനേക്കാള്‍ പണം ഇപ്പോള്‍ പ്രവഹിക്കുന്നുണ്ടെന്നും തിവാരി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ വികൃതമാക്കിയ നീക്കം നടത്തിയതിന് മോദി ജനങ്ങളോട് എഴുന്നേറ്റ് നിന്ന് മാപ്പ് പറയണമെന്നാണ് തിവാരിയുടെ ആവശ്യം. റദ്ദാക്കിയ നോട്ടുകളില്‍ 99.39% പണവും തിരിച്ചെത്തിയ വിവരം ആര്‍.ബി.ഐ പുറത്ത് വിട്ടത്. നോട്ട് റദ്ദാക്കിയതിനു വന്ന ചിലവുകളുടെ കണക്ക് സര്‍ക്കാര്‍ പുറത്ത് വിടാന്‍ തയ്യാറായില്ല എന്ന് ആര്‍.ടി.ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

error: Content is protected !!