നിയമന വിവാദം: മന്ത്രി ജി. സുധാകരന്‍റെ ഭാര്യ ജൂബിലി നവപ്രഭ രാജിവച്ചു

കേരള സർവകലാശാലയുടെ സ്വാശ്രയ കോഴ്‍സുകളുടെ ഡയറക്ടർ സ്ഥാനത്തു നിന്ന് മന്ത്രി ജി.സുധാകരന്‍റെ ഭാര്യ ഡോ.ജൂബിലി നവപ്രഭ രാജിവച്ചു. തന്നെയും ഭർത്താവിനെയും അപകീർത്തിപ്പെടുത്താൻ അടിസ്ഥാനരഹിതമായ ആരോപണമുയർത്തുന്നുവെന്ന് ഡോ.ജൂബിലി നവപ്രഭ വ്യക്തമാക്കി. തന്നെ കരുവാക്കി മന്ത്രിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ല. ആത്മാഭിമാനം നഷ്ടമാക്കി മുന്നോട്ടുപോകാൻ തയ്യാറല്ലെന്നും ജൂബിലി നവപ്രഭ വ്യക്തമാക്കി.
തന്‍റെ തസ്തിക സ്ഥിരമാക്കാൻ പോകുകയാണെന്നും ശമ്പളം കൂട്ടാൻ നീക്കമുണ്ടെന്നുമുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജൂബിലി നവപ്രഭ വ്യക്തമാക്കി. അത്തരമൊരു നീക്കം കേരള സർവകലാശാലയുടെ ഭാഗത്തുനിന്നുണ്ടോ എന്ന കാര്യം തനിയ്ക്കറിയില്ല. അത്തരം ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഡോ.ജൂബിലി നവപ്രഭ വ്യക്തമാക്കി.
ജൂബിലി നവപ്രഭയെ ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്‍റ് ടെക്നോളജി ആൻഡ് ടീച്ചേഴ്‍സ് എഡ്യൂക്കേഷന്‍റെ മേധാവിയായി നിയമിച്ചത് കഴിഞ്ഞ മെയ് മാസത്തിലാണ്. താൽക്കാലിക അടിസ്ഥാനത്തിലുള്ള നിയമനം അന്ന് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
വിവിധ സ്വാശ്രയ കോഴ്സുകളുടെ ഏകോപനമാണ് ദൗത്യമെങ്കിലും അടിസ്ഥാന യോഗ്യത ബികോമാണ്. വേണ്ട മാർക്ക് 50 ശതമാനവും. ജൂബിലി നവപ്രഭയ്ക്കുള്ള അതേ ബിരുദവും  മാർക്കും. കോളേജിൽ വൈസ് പ്രിൻസിപ്പലായെങ്കിലും ജോലിചെയ്ത് റിട്ടയർ ചെയ്തവർ തന്നെ വേണമെന്നുമുണ്ട് നിബന്ധന. അതും ജി സുധാകരന്‍റെ ഭാര്യക്ക് ഉണ്ട്.
ഒരു തസ്‍തിക സൃഷ്ടിച്ചപ്പോൾ ചെരുപ്പിന്  അനുസരിച്ച് കാല് വെട്ടുകയാണെന്ന് നിയമനതീരുമാനം വന്നപ്പോൾത്തന്നെ ആരോപണം ഉയർന്നിരുന്നു. പക്ഷെ സർവ്വകലാശാലയുടെ സ്വയംഭരണ അവകാശമെന്ന വാദത്തിൽ തട്ടി പരാതികൾ അവസാനിച്ചു.
5 മാസത്തിന് ശേഷം ഈ തസ്തിക സ്ഥിരപ്പെടുത്താനാണ് കഴിഞ്ഞ ആഴ്ചത്തെ സിൻഡിക്കേറ്റ് തീരുമാനിച്ചത്. ഇതും മന്ത്രിയുടെ ഭാര്യക്ക് വേണ്ടിയാണെന്നാണ് ആരോപണമുയർന്നത്. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് ജൂബിലി നവപ്രഭ രാജി വയ്ക്കാൻ തീരുമാനിക്കുന്നത്.
error: Content is protected !!