‘ആത്മാഭിമാനത്തിന് മുറിവേറ്റു’; രാജി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അദീബിന്‍റെ കത്ത്
ആത്മാഭിമാനത്തിന് മുറിവേറ്റു, സ്ഥാനത്ത് നിന്നും ഒഴിയാൻ അനുവദിക്കണം… ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ എംഡിക്ക് അയച്ച രാജിക്കത്തില്‍ കെ.ടി. അദീബ് ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ മാനേജർ പദവിയിലേക്ക് തിരികെ പോകാൻ അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങി മന്ത്രി കെ.ടി. ജലീലിന്‍റെ ബന്ധു കെ.ടി. അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നിന്ന് രാജിവെയ്ക്കുമ്പോള്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായ്ക്ക് തന്നെയാണ് അത് മങ്ങലേല്‍പ്പിക്കുന്നത്. അദീബിന്‍റെ രാജിക്കത്ത് നാളെ ചേരുന്ന കോർപറേഷൻ ഡയറക്ടർ ബോർഡ് യോഗം ചർച്ച ചെയ്യും.
ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിലെ ജനറൽ മാനേജർ സ്ഥാനത്ത് കഴിഞ്ഞ മാസമാണ് കെ.ടി. അദീബ് നിയമിതനാകുന്നത്. 2016 ഓഗസ്റ്റിൽ നടന്ന അഭിമുഖത്തിൽ പങ്കെടുക്കാതെയാണ് സ്ഥാനത്തേക്ക് എത്തിയത്. അഭിമുഖത്തിനെത്തിയ മൂന്ന് ഉദ്യോഗാർത്ഥികൾക്ക് യോഗ്യത ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മന്ത്രി ബന്ധുവായ അദീബിനെ നിയമിക്കുന്നത്.
നേരത്തെ, ജനറൽ മാനേജർ തസ്തികയിലേക്ക് ഉണ്ടായിരുന്ന യോഗ്യതകളിൽ മാറ്റം വരുത്തി ബിടെകും പിജിഡിബിഎ കൂടി ചേർത്താണ് അപേക്ഷ ക്ഷണിച്ചത്. മന്ത്രി ബന്ധുവായ കെ.ടി. അദീബിന് മാത്രമായിരുന്നു അപേക്ഷകരിൽ ഈ യോഗ്യത ഉണ്ടായിരുന്നത്. എന്നാൽ, അദീബ് നേടിയ പിജിഡിബിഎയ്ക്ക് കേരളത്തിലെ ഒരു സർവകലാശാലയും തുല്യത നൽകിയിരുന്നില്ല.
ഈ സാഹചര്യത്തിൽ അദീബിന്‍റെ നിയമനം വിവാദമായി. ബന്ധുവിന്‍റെ വഴിവിട്ട നിയമനം സംബന്ധിച്ച് പുറത്ത് വന്ന തെളിവുകളോട് കൃത്യമായി പ്രതികരിക്കാൻ മന്ത്രി കെ.ടി. ജലീലിന് കഴിഞ്ഞിരുന്നില്ല,. നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട തെളിവുകൾ ഓരോന്നായി പുറത്തുവരുന്നതിനിടെയാണ് കെ.ടി. അദീബിന്‍റെ രാജി.
ബാങ്കിലെതിന് തുല്യമായ അലവൻസുകൾ നൽകണമെന്ന അദീബിന്‍റെ കത്ത് നേരത്തെ ഡയറക്ടർ ബോർഡ് യോഗം തള്ളിയിരുന്നു. എന്നാൽ അദീബിന്‍റെ രാജികൊണ്ട് പ്രശ്നങ്ങൾ തീരില്ലെന്നാണ് യൂത്ത് ലീഗ് നിലപാട്. ജലീലാണ് രാജിവയ്ക്കേണ്ടതെന്നും നാളെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നുമാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് വ്യക്തമാക്കിയത്.