എഴുത്തച്ഛൻ പുരസ്‌കാരം എം മുകുന്ദന്

2018 ലെ എഴുത്തച്ഛൻ പുരസ്കാരം സാഹിത്യകാരൻ എം. മുകുന്ദന്. മലയാളത്തിനു നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. അഞ്ചു ലക്ഷം രൂപയാണ് പുരസ്കാരത്തുക. സാഹിത്യ രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമാണിത്. പലരും എതിർത്തിട്ടും നിലപാടുകളിൽ ഉറച്ചുനിന്നതിനുള്ള അംഗീകാരമാണിതെന്ന് എം. മുകുന്ദൻ പ്രതികരിച്ചു. എഴുത്തിൽ ഒരുപാട് തിക്താനുഭവങ്ങൾ നേരിട്ടു. പലരെയും അസ്വസ്ഥരാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖൻ ചെയർമാനും, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, കവി കെ സച്ചിദാനന്ദൻ, സാഹിത്യകാരന്മാരായ ഡോ.ജി.ബാലമോഹൻ തമ്പി, ഡോ.സുനിൽ പി ഇളയിടം എന്നിവർ അടങ്ങുന്ന ജൂറി ആണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.