കെ എം ഷാജിയെ അയോഗ്യനാക്കി: വീണ്ടും തിരഞ്ഞെടുപ്പിന് ഉത്തരവ്

അഴിക്കോട് എം എല്‍ എ കെ എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന എതിര്‍സ്ഥാനാര്‍ഥി എം വി നികേഷ് കുമാര്‍ നല്‍കിയ കേസിലാണ് ഹൈക്കോടതി വിധി. സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷാജി പ്രതികരിച്ചു.
ആറുവര്‍ഷത്തേക്കാണ് അയോഗ്യത. നികേഷ് കുമാറിന് കോടതി ചിലവ് ഇനത്തില്‍ 50,000 രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് പി.ഡി രാജനാണ് വിധി പ്രസ്താവിച്ചത്. അതേസമയം, അഴീക്കോട് മണ്ഡലത്തില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോടതി നിര്‍ദേശിച്ചത്.
2000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അഴീക്കോട് കെ.എം ഷാജി ജയിച്ചത്. ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാന്‍ കെ.എം ഷാജി ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയമായ പ്രചരണം നടത്തിയെന്നായിരുന്നു നികേഷ് കുമാറിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പിനു പിന്നാലെ നികേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.