മിസോറാം തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തിയ്യതി നീട്ടണമെന്ന ആവശ്യം തള്ളി

മിസോറാം തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നീട്ടണമെന്ന ബി.ജെ.പിയുടെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി. നവംബര്‍ 28നാണ് മിസോറാമില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നത്. വടക്കു കിടക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നീട്ടണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്.

സംസ്ഥാനത്തെ നിലവിലെ സമാധാനപരമായ സാഹചര്യം പരിഗണിച്ച് ബി.ജെ.പിയുടെ അപേക്ഷ പരിഗണിക്കാനാവില്ല എന്നാണ് മിസോറാം ബി.ജെ.പി അധ്യക്ഷന്‍ ജെ.വി ഹ്ലുനയ്ക്ക് നല്‍കിയ മറുപടിയില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ പറയുന്നത്. വെള്ളിയാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.

മിസോറാം മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷന്‍ എസ്.ബി ഷാഷ്‌നകിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ കോഡിനേഷന്‍ കമ്മിറ്റി പ്രക്ഷോഭം നടത്തിയിരുന്നു. എന്നാല്‍ ഈ ഉദ്യോഗസ്ഥന്‍ ദല്‍ഹിയിലേക്കു പോയതോടെ പ്രതിഷേധം നിര്‍ത്തിവെച്ചിരുന്നു.

ഷാഷ്‌നകിനെ രാജ്യത്തിന് പുറത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ മാറ്റുകയോ വേണമെന്നാണ് എന്‍.ജി.ഒ കോഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടത്. കൂടാതെ ത്രിപുരയിലെ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി പൂട്ടിയിട്ട 11,232 ബ്രു കമ്മ്യൂണിറ്റിയിലുള്ള വോട്ടര്‍മാരെ വോട്ടു ചെയ്യാന്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇവരെ മിസോറാമില്‍ തന്നെ വോട്ടു ചെയ്യാന്‍ അനുവദിക്കണമെന്നാണ് എന്‍.ജി.ഒ കോഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നത്.

error: Content is protected !!