ശബരിമല: സംഘര്‍ഷമുണ്ടാക്കാന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

ശബരിമല വിഷയത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ കോടതിയെ ഉപയോഗിക്കരുതെന്നു ഹൈക്കോടതി. അയ്യപ്പഭക്തന്‍ പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരാമര്‍ശം. തല്‍ക്കാലം ഈ വിഷയത്തില്‍ ഇടപെടുന്നില്ല എന്ന നിലപാടാണു ഹൈക്കോടതി കൈക്കൊണ്ടത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ശബരിമലയിലെ പൊലീസ് നടപടികൾ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യപ്പെട്ട് എസ്. ജയരാജ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ശബരിമല വിഷയത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും, പി.ആര്‍.രാമചന്ദ്ര മേനോനും അറിയിച്ചു. കോടതിയെ ശബരിമല വിഷയത്തിലേക്ക് വലിച്ചിഴക്കേണ്ട.  ശിവദാസന്‍ മരിച്ചത് പൊലീസ് അന്വേഷിച്ചു വരുന്നതേയുള്ളൂവെന്നും തങ്ങളറിഞ്ഞത് ഇദ്ദേഹം വാഹനാപകടത്തിലാണ് മരിച്ചത് എന്നാണെന്നും ജഡ്ജിമാര്‍ പറഞ്ഞു. പൊലീസ് അന്വേഷിക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പരാമര്‍ശങ്ങളിലേക്ക് കോടതി കടന്നില്ല.

എന്നാല്‍, ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടന്ന അതിക്രമങ്ങളില്‍ പ്രതികളാക്കി പൊലീസ് അറസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ വേണമെന്ന് ഹൈക്കോടതി അറിയിച്ചു. കുറ്റകൃത്യത്തില്‍ വ്യക്തമായ പങ്കുള്ളവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ശബരിമലയിലും പരിസര പ്രദേശങ്ങളിലും നടന്ന അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, പത്തനംതിട്ട ളാഹ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശബരിമല തീര്‍ത്ഥാടകന്‍ ശിവദാസന്റെ മരണം പൊലീസ് നടപടി മൂലമാണെന്ന സംഘപരിവാര്‍ വ്യാജ പ്രചരണം തള്ളി ശിവദാസന്റെ മകന്‍ രംഗത്തെത്തിയിരുന്നു. ശിവദാസന്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത് ഒക്ടോബര്‍ 18ന് രാവിലെയാണെന്ന് മകന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 19ന് ക്ഷേത്ര ദര്‍ശനത്തിനുശേഷം ശിവദാസന്‍ വീട്ടിലേക്ക് വിളിച്ചിരുന്നതായും പന്തളം പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

error: Content is protected !!