ശിവദാസന്റെ മരണം പൊലീസ് നടപടി മൂലമല്ലെന്ന് മകന്‍

ളാഹയില്‍ ഭക്തന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ അവകാശവാദത്തിന് തിരിച്ചടിയായി മരിച്ച ശിവദാസന്റെ മകന്‍ പോലീസിന് നല്‍കിയ മൊഴി പുറത്ത്. ശിവദാസന്‍ പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്തുന്നത്.

എന്നാല്‍ ശിവദാസന്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത് ഒക്ടോബര്‍ 18ന് രാവിലെയാണെന്ന് മകന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 19ന് ക്ഷേത്ര ദര്‍ശനത്തിനുശേഷം ശിവദാസന്‍ വീട്ടിലേക്ക് വിളിച്ചിരുന്നതായും പന്തളം പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, നിലയ്ക്കലില്‍ പൊലീസ് നടപടിയുണ്ടായത് 16, 17 തിയ്യതികളിലാണ്. വീട്ടുകാരുടെ പരാതിപ്രകാരമാണെങ്കില്‍ ഈ ദിവസങ്ങള്‍ക്കു ശേഷമാണ് ശിവദാസന്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. ഇത് പത്തനംതിട്ട എസ്.പിയും സ്ഥിരീകരിച്ചിരുന്നു.

പൊലീസ് നടപടിക്കിടെയാണ് ശിവദാസന്‍ മരണപ്പെട്ടെതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പത്തനംതിട്ട എസ്.പി സി. നാരായണന്‍ വ്യക്തമാക്കിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെക്കുമെന്നും എസ്.പി പറഞ്ഞിരുന്നു. നിലക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തിലുള്ള’ വാര്‍ത്തകളായിരുന്നു സംഘപരിവാര്‍ പ്രചരിപ്പിച്ചിരുന്നത്. കൂടാതെ ഈ വ്യാജ പ്രചരണം ഏറ്റുപിടിച്ച് കെ.സുരേന്ദ്രനും പി.എസ് ശ്രീധരന്‍പിള്ളയും രംഗത്തെത്തിയിരുന്നു.

ശിവദാസ് എന്ന അയ്യപ്പനെ പൊലീസ് മര്‍ദ്ദിച്ചു കൊന്നു എന്ന് വ്യക്തമായതോടുകൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നാണ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടിരുന്നത്. ശിവദാസ് മരണപ്പെട്ടത് പൊലീസ് നടപടിയില്‍ അല്ലെന്ന തെളിവ് സഹിതമുള്ള പത്തനംതിട്ട പൊലീസ് മേധാവിയുടെ വിശദീകരണം വന്നതിനു ശേഷമായിരുന്നു ശ്രീധരന്‍പിള്ള വ്യാജ പ്രചരണം ഏറ്റുപിടിച്ചിരുന്നത്.

അയ്യപ്പഭക്തന്റെ കൊലക്കുത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പറഞ്ഞ് കെ. സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. അയ്യപ്പഭക്തന്റെ കൊലയ്ക്കുത്തരവാദി പിണറായി വിജയനാണെന്നും ഇനിയും പിണറായി വിശ്വാസികളെ കൊന്നൊടുക്കാന്‍ കോപ്പുകൂട്ടുന്നുണ്ടെന്നുമാണ് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ സുരേന്ദ്രന്‍ ആരോപിച്ചിരുന്നത്.

error: Content is protected !!