വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ ഗ്രീന്‍ കാര്‍പ്പറ്റ് വിരിച്ച് കണ്ണൂര്‍ ഡിടിപിസി

കണ്ണൂര്‍ : വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ ഗ്രീന്‍ കാര്‍പ്പറ്റ് വിരിച്ച് ഡിടിപിസി
നവംബറില്‍ ആരംഭിക്കുന്ന ടൂറിസം സീസണിനെ വരവേല്‍ക്കുവാനും വൃത്തിയുള്ള അന്തരീക്ഷത്തില്‍ ഹൃദ്യമായ സേവനം സഞ്ചാരികള്‍ക്ക് ഉറപ്പാക്കുവാനുമായി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യ മുക്തമാക്കി ഡി.ടി.പിസി. ബഹുജനപങ്കാളിത്തത്തോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ശുചീകരിക്കുന്നതിനും പോരായ്മകള്‍ പരിഹരിക്കുന്നതിനുമായി സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളിലാണ് മാസ് ക്ലീനിംഗ് പ്രവൃത്തികള്‍ നടന്നത്. വിവിധ കേന്ദ്രങ്ങളിലായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഗ്രീന്‍ കാര്‍പെറ്റ് കാംപയിന്റെ ഭാഗമായി.

പയ്യാമ്പലം, ധര്‍മ്മടം, മീന്‍കുന്ന് ചാല്‍ബീച്ച്, പടന്നക്കര പാര്‍ക്ക്, ഓവര്‍ബറീസ് ഫോളി, പുതിയങ്ങാടി ചൂട്ടാട് ബീച്ച്, വയലപ്ര പാര്‍ക്ക്, പൈതല്‍മല, പാലക്കയംതട്ട്, വെള്ളിക്കീല്‍ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.


പയ്യാമ്പലം പാര്‍ക്കിനെ ഗ്രീന്‍ ഡെസ്റ്റിനേഷന്‍ ആയി പ്രഖ്യാപിക്കുന്ന ചടങ്ങ് കോര്‍പറേഷന്‍ മേയര്‍ ഇ പി ലത, പാലക്കയംതട്ടില്‍ നടന്ന ചടങ്ങ് കെ സി ജോസഫ് എംഎല്‍എ, മീന്‍കുന്ന് ചാല്‍ ബീച്ചില്‍ നടന്ന ചടങ്ങ് അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് സി പ്രസന്ന, പൈതല്‍മലയില്‍ നടന്ന പരിപാടി എരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ജോസഫ് ഐസക്ക്, തലശ്ശേരി ഓവര്‍ബറീസ് ഫോളിയില്‍ നടന്ന ശുചീകരണ യഞ്ജം നഗരസഭാ വിദ്യാഭാ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി പി സുമേഷ്, വയലപ്ര പാര്‍ക്കില്‍ നടന്ന ചടങ്ങ് ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് പി പ്രഭാവതി, പടന്നക്കര പിണറായി പാര്‍ക്കില്‍ നടന്ന ഗ്രീന്‍ കാര്‍പറ്റ് ശുചീകരണ യഞ്ജം പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗീതമ്മ, പുതിയങ്ങാടി ചൂട്ടാട് ബീച്ചില്‍ നടന്ന ക്ലീനിംഗ് മാടായി പഞ്ചായത്ത് പ്രസിഡണ്ട് എ സുഹറാബി, ധര്‍മ്മടം ബീച്ചില്‍ നടന്ന ക്ലീനിംഗ് പഞ്ചായത്ത് പ്രസിഡണ്ട് ബേബി സരോജം എന്നിവര്‍ ഉദ്ഘാടനം ചെയ്തു. വിവിധ ചടങ്ങുകളില്‍ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മുരളീധരന്‍, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, അന്‍ഷാദ് കരുവന്‍ചാല്‍, പി ആര്‍ ശരത് കുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

error: Content is protected !!