ദര്‍ശനത്തിന് ബുക്ക് ചെയ്ത യുവതികള്‍ക്ക് ശബരിമലയിലെത്താന്‍ പൊലീസ് ഹെലികോപ്ടര്‍ ഒരുക്കുമെന്ന് റിപ്പോര്‍ട്ട്

ശബരിമലയിലേക്ക് പോകാന്‍ തയ്യാറായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത 10നും 50നും ഇടയില്‍ പ്രായമുള്ള യുവതികളെ ഹെലികോപ്ടര്‍ വഴി ശബരിമലയിലെത്തിക്കാന്‍ പൊലീസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് യുവതികളെ ഹെലികോപ്ടര്‍ വഴി സന്നിധാനത്ത് എത്തിക്കാനാണ് നീക്കം.
സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി ശബരിമലയില്‍ പോകാന്‍ താല്‍പര്യമറിയിച്ച് ഓണ്‍ലൈനായി ബുക്ക് ചെയ്ത 560 യുവതികള്‍ക്കാണ് ഹെലികോപ്ടര്‍ സൗകര്യമൊരുക്കാന്‍ പൊലീസ് നീക്കം നടത്തുന്നത്. പമ്പയില്‍ നിന്നും ശബരിമലവരെയുള്ള വനപാതയില്‍ വ്യാപകമായ പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടാണ് പൊലീസിന്‍റെ നീക്കം. നേരത്തെ യുവതീ പ്രവേശനത്തിന് ശ്രമിച്ചപ്പോഴെല്ലാം പൊലീസിന് പിന്‍മാറേണ്ടി വന്നിരുന്നു. പ്രതിഷേധക്കാരോടുള്ള മൃദുസമീപനം മാറ്റാനും പൊലീസ് ആലോചിക്കുന്നുണ്ട്.
സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധം കണക്കിലെടുത്ത് യുവതികളെ തടയാന്‍ കഴിയില്ലെന്നതാണ് പൊലീസിനെ കുഴയ്ക്കുന്നത്. സുരക്ഷ നല്‍കാന്‍ കഴിയാതെ വന്നാല്‍ ഹൈക്കോടതിയുടേതടക്കം വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വരുമെന്നും പൊലീസ് ഭയക്കുന്നു. ഈ സാഹചര്യത്തിലാണ് താല്‍പര്യമറിയിച്ച യുവതികളെ സന്നധാനത്തെത്തിക്കാന്‍ ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ പൊലീസ് നീക്കം നടത്തുന്നത്. 560 യുവതികള്‍ക്ക് പുറമെ ഇതുവരെ 3.20 ലക്ഷംപുരുഷന്‍മാരും ഓണ്‍ലൈനായി ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്.
സ്ത്രീകള്‍ക്ക് പ്രവേശനമനത്തിന് സൗകര്യമൊരുക്കുന്ന കാര്യത്തില്‍ പുനപരിശോധന ഹര്‍ജി പരിഗണിച്ച ശേഷമുള്ള സുപ്രിംകോടതി നിലപാടനുസരിച്ചാകും തീരുമാനമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഹിന്ദുവിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ 16ന് മണ്ഡലകാലത്തിനായി ശബരിമല നട തുറക്കാനിരിക്കെ 13നാണ് സുപ്രിംകോടതി പുനപരിശോധനാ ഹര്‍ജിയും റിട്ട് ഹര്‍ജികളും പരിശോധിക്കുന്നത്. പുനപരിശോധനാ ഹര്‍ജിയില്‍ വിധി പ്രതികൂലമായാലുള്ള സാഹചര്യവും പൊലീസ് മുന്നില്‍ കാണുന്നുണ്ട്.
അതിനായി ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസിന്‍റെ തീരുമാനം. ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ വനംവകുപ്പിന്‍റെ അനുമതി ആവശ്യമുണ്ട്. അതിനൊപ്പം ഹെലികോപ്ടറിന് ലാന്‍റ് ചെയ്യാനുള്ള സൗകര്യവും ഒരുക്കണം. നേരത്തെ 1980ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിക്ക് സന്ദര്‍ശനം നടത്താനായി നിര്‍മിച്ച ഹെലിപാഡ് പുനര്‍നിര്‍മിക്കാനുള്ള അനുമതിയും തേടും. ശബരിമലയില്‍ ഹെലികോപ്ടര്‍ ഇറങ്ങുന്ന സ്ഥലം മുതല്‍ സന്നിധാനം വരെയും തിരിച്ചും പൊലീസ് യുവതികള്‍ക്ക് കനത്ത സുരക്ഷയൊരുക്കും.
അതിനായി പ്രത്യേക പാതയൊരുക്കി സംവിധാനമുണ്ടാക്കും. വിശ്വാസികള്‍ക്കെതിരെ ബലപ്രയോഗം വേണ്ടെന്ന നിലപാടാണ് പൊലീസ് ഇതുവരെ സ്വീകരിച്ചത്. എന്നാല്‍ പുനപരിശോധനാ ഹര്‍ജി സുപ്രിംകോടതി തള്ളിയാല്‍ പൊലീസിന് വേറെ വഴിയില്ല, ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റി യുവതികള്‍ക്ക് ദര്‍ശനത്തിന് സൗകര്യമൊരുക്കേണ്ടതായി വരുമെന്നും സുപ്രിംകോടതി വിധി നടപ്പിലാക്കുക എന്നത് തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നയമെന്നതിനാല്‍ പൊലീസിന് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.