സംഘപരിവാര്‍ മുടക്കിയത് കേജ്‍രിവാള്‍ നടത്തി; ദില്ലിയില്‍ ടി.എം. കൃഷ്ണയുടെ സംഗീതം പെയ്തിറങ്ങി

സംഘപരിവാറിന്‍റെ വിദ്വേഷ പ്രചാരണത്തെ തുടര്‍ന്ന് മുന്‍ നിശ്ചയിച്ച സംഗീത പരിപാടി മുടങ്ങിയപ്പോള്‍ ടി.എം. കൃഷ്ണയ്ക്ക് പാടാന്‍ ദേവിയൊരുക്കി ദില്ലിയിലെ അരവിന്ദ് കേജ്‍രിവാള്‍ സര്‍ക്കാര്‍. ആം ആദ്മി സര്‍ക്കാര്‍ ആവാം കി ആവാസ് എന്ന് പേരിട്ട സംഗീതനിശയിൽ സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും സന്ദേശമുയര്‍ത്തി ടി.എം. കൃഷ്ണ സ്വയം മറന്ന് പാടി.

എല്ലാ ജാതിയും എല്ലാ മതവും എല്ലാ സംസ്കാരവും ഉൾക്കൊണ്ട് ടി.എം.കൃഷ്ണ പാടിയപ്പോള്‍ വെറുപ്പിന്‍റെ രാഷ്ട്രീയാഹ്വാനത്തെ വകവയ്ക്കാതെ കൃഷ്ണയുടെ സംഗീതം കേൾക്കാൻ ദില്ലിയൊഴുകിയെത്തി. ടി.എം. കൃഷ്ണ നഗര മാവോയിസ്റ്റാണെന്നും ദേശവിരുദ്ധനാണെന്നും ആരോപിച്ച് സംഘപരിവാർ അനുകൂലികൾ നടത്തിയ പ്രചരണത്തെ തുടർന്നാണ് സംഘാടകരായ എയർപോർട്ട് അതോറ്ററി ഓഫ് ഇന്ത്യ കൃഷ്ണയുടെ സംഗീതപരിപാടി റദ്ദാക്കിയത്.

ഈ മാസം 17, 18 തിയതികളില്‍ ദില്ലിയില്‍ വച്ച് നടക്കാനിരുന്ന സംഗീതപരിപാടിയാണ് റദ്ദാക്കിയത്. ഒരു സാംസ്കാരിക സംഘടനയും എയര്‍പോര്‍ട്ട് അതോറിറ്റിയുമായിരുന്നു പരിപാടിയുടെ സംഘാടകര്‍. പരിപാടിയുടെ ക്ഷണക്കത്തുകള്‍ പ്രസിദ്ധമാക്കിയതിന് ശേഷമാണ് പരിപാടി റദ്ദാക്കുന്നത്.

മതേതര നിലപാടുകളും ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ കര്‍ണാടക സംഗീതത്തില്‍ ഒരുക്കുകയും ചെയ്തതിന് പിന്നാലെ ടിഎം കൃഷ്ണയ്ക്ക് നേരെ ഭീഷണികളും രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ കര്‍ണാടക സംഗീതത്തില്‍ മുസ്ലിം , ക്രിസ്ത്യന്‍ പാട്ടുകള്‍ പാടിയതിന് ടിഎം കൃഷ്ണയ്ക്കെതിരെ ഭീഷണിയുയര്‍ന്നിരുന്നു.

ഭീഷണിക്ക് പിന്നാലെ എല്ലാ മാസവും ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ കര്‍ണാടക സംഗീതത്തില്‍ തീര്‍ക്കുമെന്ന ടിഎം കൃഷ്ണയുടെ ട്വീറ്റ് വ്യാപകമായി പ്രചരിച്ചതോടെയാണ് പരിപാടി റദ്ദാക്കിയതെന്നാണ് സൂചന. എന്നാല്‍, സംഘപരിവാർ ഭീഷണിക്ക് വഴങ്ങില്ലെന്നാണ് പരിപാടി റദ്ദാക്കിയ ശേഷം ടി.എം. കൃഷ്ണ പ്രതികരിച്ചത്.

അരവിന്ദ് കേജ്‍രിവാളും സീതാറാം യച്ചൂരിയും അടക്കമുള്ള പ്രമുഖര്‍ സംഗീത പരിപാടി കാണാന്‍ എത്തിയിരുന്നു. വിയോജിക്കാനുളള അവകാശം ജനാധിപത്യത്തിന്റെ ജീവവായുവാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ഈ വിഷയത്തില്‍ പറഞ്ഞു.

error: Content is protected !!