സിസിടിവി ദൃശ്യങ്ങള്‍ തെളിവായി; കാനറ ബാങ്ക് എടിഎം തകര്‍ത്ത പ്രതികള്‍ അറസ്റ്റില്‍

പാലക്കാട് അടിപ്പെരണ്ടയിൽ കനറാ ബാങ്ക് എടിഎമ്മിൽ കവർച്ചാ ശ്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് രണ്ട് ദിവസത്തിനകം ഇവരെ പിടികൂടുന്നത്. അറസ്റ്റിലായ പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

പാലക്കാട് അയിലൂർ സ്വദേശിയായ നൗഫലിനെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളെയുമാണ് നെന്മാറ പൊലീസ് അറസ്റ്റ് ചെയതത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് അടിപ്പെരണ്ട കവലയിലെ കനറാ ബാങ്ക് എടിഎം തകർത്തത്. കല്ല് കൊണ്ടു മെഷീൻ തകർത്തെങ്കിലും പണം തട്ടാൻ ഇവർക്ക് കഴിഞ്ഞില്ല.

എടിഎം കൗണ്ടറിനുള്ളിലെ സിസിടിവി യിൽ നിന്നും കിട്ടിയ ദൃശ്യങ്ങളാണ് പ്രതികളിലേക്ക് വേഗത്തിലെത്താൻ പൊലീസിന് സഹായമായത്. നെന്മാറ സ്റ്റേഷൻ പരിധിയിൽ നിന്ന് തന്നെയാണ് പ്രതികൾ പിടിയിലായത്. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ എടിഎം തകർത്ത അതേദിവസം തിരുവഴിയോട് ക്ഷേത്രത്തിലും അയിലൂരിലും മോഷണം നടത്തിയെന്ന് ഇവർ പറഞ്ഞു. പാലക്കാട്ടെ ചില പെട്രോൾ പമ്പുകളിലും സംഘം മോഷണം നടത്തിയിട്ടുണ്ട്.

error: Content is protected !!