അല്ലാഹുവിന്‍റെ അടുക്കല്‍ അമുസ്ലിങ്ങള്‍ക്ക് സ്ഥാനമില്ല; കെ.എം ഷാജിയെ അയോഗ്യനാക്കുന്നതിലേക്ക് നയിച്ച ലഘുലേഖ

കെ.എം ഷാജി എം.എല്‍.എയെ ഹൈക്കോടതി അയോഗ്യനാക്കുന്നതിലേക്ക് നയിച്ചത് വര്‍ഗീയ വിദ്വേഷം പരത്തുന്ന ലഘുലേഖ. ഈ ലഘുലേഖ തെരഞ്ഞെടുപ്പു കാലത്ത് മണ്ഡലത്തില്‍ വിതരണം ചെയ്‌തെന്നാണ് എതിര്‍ സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന്റെ പരാതി. തിരഞ്ഞെടുപ്പിന് ശേഷം നികേഷ് കുമാര്‍ കെഎം ഷാജിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു.  ഈ ആരോപണം  ശരി വെക്കുന്നതാണ് ഇപ്പോള്‍ വന്ന കോടതി വിധി.

ലഘുലേഖ

കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലിങ്ങള്‍ക്ക് സ്ഥാനമില്ല. അന്ത്യ നാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്‌കരിച്ച് നമ്മള്‍ക്കു വേണ്ടി കാവല്‍ തേടുന്ന മുഹ്മിനായ കെ.മുഹമ്മദ് ഷാജി എന്ന കെ.എം ഷാജി വിജയിക്കാന്‍ എല്ലാ മുഹ്മിനിങ്ങളും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. കെ.എം ഷാജിയെ ഏണി അടയാളത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുക’- എന്നാണ് പോസ്റ്ററിലുള്ളത്.

‘സത്യ വിശ്വാസികളേ! ദുര്‍മാര്‍ഗിയായ ഒരാള്‍ നിങ്ങളുടെ അടുത്ത് ഒരു വാര്‍ത്തയും കൊണ്ട് വന്നാല്‍ (അതിനെപ്പറ്റി) അന്വേഷിച്ച് സത്യാവസ്ഥ മനസ്സിലാക്കുക. അറിയാത്തവരായി ഒരു ജനതക്ക് നിങ്ങള്‍ ഒരാപത്ത് വരുത്തി വെക്കുകയും എന്നിട്ട് അങ്ങനെ ചെയ്ത പ്രവൃത്തിയില്‍ നിങ്ങള്‍ ഖേദിക്കുന്നവരാവുകയും ചെയ്യാതിരിക്കുവാന്‍’ എന്ന ഖുറാന്‍ വചനവും പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്.

അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വബറക്കാത്തുഹു എന്ന് അഭിവാദ്യം ചെയ്തുകൊണ്ടാണ് പോസ്റ്റര്‍. ബിസ്മില്ലാഹി റഹ്മാനി റഹീം ( പരമകാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍) എന്നാണ് പോസ്റ്റര്‍ തുടങ്ങുന്നത്.

അമുസ്ലിങ്ങള്‍ ഒരിക്കലും സ്വര്‍ഗ്ഗത്തിലേക്കുള്ള പാലം കടക്കില്ലെന്നും, മുസ്ലിങ്ങള്‍ക്ക് വേണ്ടി അഞ്ച് നേരം നിസ്‌കരിച്ച് പ്രാര്‍ത്ഥിക്കുന്ന കെ. മുഹമ്മദ് ഷാജിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും വോട്ട് ചെയ്യാനും ആവശ്യപ്പെട്ടുള്ളതാണ് നോട്ടീസ്. കെ.എം ഷാജി എന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പിലും മറ്റു സ്ഥലങ്ങളിലും വ്യാപകമായി ഉപയോഗിച്ചിരിക്കുന്ന പേരെങ്കിലും ‘കെ. മുഹമ്മദ് ഷാജി’ എന്ന് പ്രത്യേകം പോസ്റ്ററില്‍ എടുത്തെഴുതിയിട്ടുണ്ട്. മുഹ്മിനായ(സത്യവിശ്വാസിയായ) കെ.മുഹമ്മദ് ഷാജി എന്ന കെ.എം ഷാജി വിജയിക്കാന്‍ എല്ലാ മുഹ്മിനുകളും പ്രാര്‍ത്ഥിക്കുക എന്നാണ് പോസ്റ്ററിലെഴുതിയത്.

പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷഡ് ബൈ പ്രസിഡന്റ് ഓഫ് ഓവര്‍സീസ്, കണ്ണൂര്‍ ജില്ല കമ്മിറ്റി എന്നാണ് പോസ്റ്ററിന് കീഴെ രേഖപ്പെടുത്തിയിട്ടുള്ളത്.

വര്‍ഗ്ഗീയ പോസ്റ്ററുകള്‍ പുറത്തിറക്കിയതായി അന്ന് എതിര്‍ സ്ഥാനാര്‍ത്ഥി നികേഷ് കുമാര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് വളപട്ടണം പൊലീസ് യു.ഡി.എഫ് നേതാക്കളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത പോസ്റ്ററുകളാണ് ഹസീബ് കല്ലൂരിക്കാരന്‍ എന്ന യുവാവ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലൂടെ പുറത്ത് വന്നത്.

error: Content is protected !!