സര്‍വകക്ഷിയോഗം പ്രഹസനം; സര്‍ക്കാരിന് പിടിവാശി: ചെന്നിത്തല

സര്‍വ്വകക്ഷി യോഗം പ്രഹസനമെന്നും ഗവണ്‍മെന്‍റ് ഒരുവിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വ്വകക്ഷി യോഗം ബഹിഷ്കരിച്ചതിന് ശേഷം രമേശ് ചെന്നിത്തല സംസാരിക്കുകയായിരുന്നു. രണ്ട് ആവശ്യങ്ങള്‍ മുന്നോട്ട് വച്ചെങ്കിലും സര്‍ക്കാര്‍ അത് തള്ളിക്കള‍ഞ്ഞതായി ചെന്നിത്തല പറഞ്ഞു. പുനപരിശോധനാ ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ച അവസരത്തില്‍ സ്ത്രീപ്രവേശനത്തിന് സാവകാശം തേടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പുനപരിശോധനാ ഹര്‍ജി ജനുവരി 22 ന് കേള്‍ക്കുന്നതിനാല്‍ അതുവരെ സ്ത്രീപ്രവേശനം നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നുമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണ് സര്‍ക്കാരിന്‍റേത്. ശബരിമല പ്രശ്നം പരിഹരിക്കാനുള്ള അവസരം ഗവണ്‍മെന്‍റ് ഇല്ലാതാക്കി. ഭക്തന്മാരുടെ വാഹനങ്ങള്‍ക്ക് പാസ് എര്‍പ്പെടുത്തുമെന്ന നടപടി പിന്‍വലിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടെങ്കിലും അതും തള്ളിക്കളഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തെ ദുര്‍ബലപ്പെടുത്താന്‍ ഗവണ്‍മെന്‍റ് ശ്രമിക്കുകയാണ്. ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും കയ്യാങ്കളിക്ക്  ഗവണ്‍മെന്‍റ് കൂട്ട് നില്‍ക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.

error: Content is protected !!