റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് പ്രതികരിച്ചില്ല; കാനഡ

റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് അതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് കനേഡിയന്‍ ഉദ്യോഗസ്ഥര്‍. ബലാത്സംഗത്തിന് ഇരയായ സ്ത്രീകളെ ഉള്‍പ്പെടെ ആഭയാര്‍ത്ഥികളായി സ്വീകരിക്കാന്‍ തയ്യാറാണെന്ന് കാനഡ അറിയിച്ചിരുന്നു. ഈ തീരുമാനത്തോട് ബംഗ്ലാദേശ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് കനേഡിയന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.

കനേഡിയന്‍ വിദേശകാര്യ മന്ത്രി ക്രിസ്ത്യ ഫ്രീലാന്റ് ബംഗ്ലാദേശ് സന്ദര്‍ശിച്ച വേളയിലാണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളില്‍ കുറച്ചുപേരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സംഭവം. ആ നിലപാടില്‍ ഇപ്പോഴും തങ്ങള്‍ ഉറച്ചു നില്‍ക്കുന്നെന്ന് കാനഡ വ്യക്തമാക്കി.

ഇക്കാര്യം ഉദ്യോഗസ്ഥര്‍ പരിശോധിക്കുമെന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന അന്ന് പറഞ്ഞതെന്നാണ് ഒരു കനേഡിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ നേതൃത്വത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ രാഖിനി സ്‌റ്റേറ്റിലേക്ക് തിരിച്ചയക്കാനുള്ള പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന് ബംഗ്ലാദേശിനോട് യു.എന്‍ ആവശ്യപ്പെട്ടിരുന്നു. രാഖിനിയിലേക്ക് ഇവരെ തിരിച്ചയച്ചാല്‍ അവര്‍ ക്രൂരമായി വേട്ടയാടപ്പെടാനുള്ള സാധ്യതയുണ്ടെന്നും യു.എന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. 2017 ആഗസ്റ്റിനുശേഷം മ്യാന്‍മറില്‍ നിന്നും 700,000 മുസ്‌ലിം റോഹിംഗ്യകളാണ് ബംഗ്ലാദേശിലേക്ക് അതിര്‍ത്തി കടന്നത്.

error: Content is protected !!