‘അമിത് ഷായുടെ പേര് പേര്‍ഷ്യന്‍, ബിജെപി ആദ്യം സ്വന്തം നേതാവിന്‍റെ പേര് മാറ്റണം’

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പേര് പേർഷ്യനാണെന്ന് ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ്. അമിത് ഷായുടെ പേരിലെ ഷാ എന്നത് പേർഷ്യയിൽ നിന്ന് വന്നതാണെന്നും ഗുജറാത്തി അല്ലെന്നുമാണ് ഇര്‍ഫാന്‍ ഹബീബിന്റെ വാദം. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേര് മാറ്റണമെന്ന് മുറവിളിക്കുട്ടുന്ന ബിജെപിക്കാർ ആദ്യം സ്വന്തം നേതാവിന്റെ പേര് മാറ്റണമെന്നും ഹബീബ് പറഞ്ഞു. ഉത്തർപ്രദേശിലെ ആഗ്രയുടെ പേര് ‘ആഗ്രാവന്‍’ എന്നാക്കി മാറ്റണമെന്ന് ബിജെപി എംഎല്‍എയുടെ ആവശ്യത്തിനെതിരെ  പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഗുജറാത്ത് എന്ന പേര് പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ് ഉത്ഭവിച്ചത്. ‘ഗുജറാത്ര’ എന്നായിരുന്നു ആദ്യം സംസ്ഥാനത്തെ വിളിച്ചിരുന്നത്. ബിജെപി ഇതിന്റെയും പേര് മാറ്റണം’ – ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടയുമായി ബന്ധപ്പെട്ടാണ്  സംസ്ഥാനങ്ങളുടെ പേര് മാറ്റുന്നതെന്നും  ഇസ്‌ലാമികം അല്ലാത്ത എല്ലാറ്റിനെയും പാകിസ്ഥാൻ മാറ്റിയതു പോലെ ഇസ്‌ലാമുമായി ബന്ധമുള്ളതിനെയെല്ലാം ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഇര്‍ഫാന്‍ ഹബീബ് ചൂണ്ടിക്കാട്ടി.

അലഹാബാദ്, ഫൈസാബാദ് എന്നീ നഗരങ്ങളുടെ പേര് മാറ്റിയതിന് പിന്നാലെ ഉത്തർപ്രദേശിലെ ആഗ്രയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എം എൽ എ ജഗന്‍ പ്രസാദ് ഗാര്‍ഗ് കഴിഞ്ഞ ദിവസം രംഗത്തെത്തിരുന്നു. ആഗ്രയെ ‘ആഗ്രവാന്‍’ എന്നോ ‘അഗര്‍വാള്‍’ എന്നോ പുനര്‍നാമകരണം ചെയ്യണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം. ആഗ്ര എന്ന വാക്കിന് ഒരു അർത്ഥവുമില്ല. അതു കൊണ്ടു തന്നെ ആ പേരിന് യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ആഗ്രക്ക് പുറമെ തെലങ്കാനയിലെ നഗരങ്ങള്‍ക്കും പുതിയ പേര് നല്‍കണമെന്ന് ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

error: Content is protected !!