‘മുസ്ലിം പള്ളിക്ക് ഭഗവാന്‍ വിഷ്ണുവിന്‍റെ പേരിടും’; ചാനല്‍ ചര്‍ച്ചയ്ക്കിടെ ബിജെപി നേതാവിന്‍റെ ഭീഷണി

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നഗരങ്ങളുടെ പേര് മാറ്റല്‍ പ്രകിയ അനസ്യൂതം തുടരുകയാണ്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശനങ്ങളുണ്ടെങ്കിലും അതിലൊന്നും യോഗി സര്‍ക്കാര്‍ കുലുങ്ങുന്നില്ല. വിഷയത്തില്‍ കടുത്ത നിലപാടിലാണ് ബിജെപി. നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പോലും നിലപാട് കടുത്ത ഭാഷയിലാണ് അവതരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം ആജ് തക് ചാനലില്‍ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടെ ബിജെപി വക്താവ് സംബിത് പത്ര നടത്തിയ പ്രസ്താവനയാണ് ഏറ്റവുമൊടുവില്‍ വിവാദമായത്. മുസ്ലിം നാമം തോന്നുന്ന നഗരങ്ങളുടെ പേര് എന്തുകൊണ്ടാണ് മാറ്റുന്നത് എന്നതായിരുന്നു ചര്‍ച്ചയുടെ അടിസ്ഥാനം.  അസദുദ്ദിന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം നേതാവിനോടാണ് സംബിത് വിവാദ പ്രസ്താവന നടത്തിയത്.

മുസ്ലിം പള്ളിക്ക് വേണമെങ്കില്‍ ഭഗവാന്‍ വിഷ്ണുവിന്‍റെ പേരിടുമെന്നായിരുന്നു ബിജെപി വക്താവിന്‍റെ ഭീഷണിപ്പെടുത്തല്‍. ‘താങ്കള്‍ അള്ളാഹുവിന്‍റെ ഭക്തനാണോ അതോ ഭഗവാന്‍ വിഷ്ണുവിന്‍റെ ഭക്തനാണോയെന്നായിരുന്നു സംബിതിന്‍റെ ആദ്യ ചോദ്യം. അള്ളാഹുവിന്‍റെ ഭക്തനെന്ന് മറുപടി പറഞ്ഞപ്പോഴായിരുന്നു പ്രകോപനം. ‘മര്യാദയ്ക്ക് ഇരുന്നോ, അല്ലെങ്കില്‍ മുസ്ലീം പള്ളിക്ക് ഭഗവാന്‍ വിഷ്ണുവിന്റെ പേരിടും’ ഇതായിരുന്നു സംബിതിന്‍റെ പ്രതികരണം.

സംബിതിന്‍റെ വിവാദ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിജെപിയുടെ തനി സ്വരൂപം ഇതാണെന്ന വിമര്‍ശനവും പലരും മുന്നോട്ട് വയ്ക്കുന്നുണ്ട്.

 

Embedded video

You may have missed

error: Content is protected !!