ലക്ഷ്മിയും ഡ്രൈവർ അർജ്ജുനും നൽകിയ മൊഴികളിൽ വൈരുദ്ധ്യം; ശാസ്ത്രീയ പരിശോധന നടത്താന്‍ പൊലീസ്

വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെട്ടത് സംബന്ധിച്ച് ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജ്ജുനും നൽകിയ മൊഴികളിൽ വൈരുദ്ധ്യം. അപകട സമയം വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുനെന്ന് ലക്ഷ്മി ആറ്റിങ്ങൽ പൊലീസിന്  മൊഴി നല്‍കി. എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു അര്‍ജ്ജുന്‍റെ മൊഴി.  ദീർഘദൂര യാത്രകളിൽ ബാലഭാസ്കർ ഡ്രൈവ് ചെയ്യാറില്ലെന്നാണ് ഭാര്യ ലക്ഷ്മിയുടെ മൊഴി.

പിറ്റേ ദിവസം സ്റ്റേജ് ഷോ ഉണ്ടായിരുന്നതിനാൽ പിൻ സീറ്റിൽ ഇരുന്ന് ബാലഭാസ്കർ ഉറങ്ങുകയായിരുന്നു. ഡ്രൈവർ   അർജ്ജുനാണ് തൃശൂർ മുതൽ വാഹനം ഓടിച്ചതെന്നും, താനും കുഞ്ഞും മുൻസീറ്റിൽ ഉറങ്ങുകയായിരുന്നുവെന്നും  ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാറിന് നല്‍കിയ  മൊഴിയിൽ  ലക്ഷ്മി പറയുന്നു. തിരുവനന്തപുരത്ത് ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം   മൊഴി രേഖപ്പെടുത്തിയത്.

എന്നാൽ കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്കർ ആണ് കാർ ഓടിച്ചതെന്നായിരുന്നു ഡ്രൈവർ അർജ്ജുന്റെ മൊഴി.  ഇരുവരുടെയും മൊഴിയിൽ വൈരുദ്ധ്യം ഉള്ളതിനാൽ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസിന്‍റെ  തീരുമാനം. രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തും. സെപ്തംബർ 25നായിരുന്നു അപകടമുണ്ടായത്. അപകട സമയത്തുതന്നെ മകൾ തേജസ്വനി മരിച്ചു. ഒരാഴ്ച കഴിഞ്ഞാണ് ബാലഭാസ്ക്കർ മരിച്ചത്.  തീവ്രപചിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ലക്ഷ്മി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.

error: Content is protected !!