ശബരിമലയില്‍ 30 മണിക്കൂർ കൂടി സമരം ചെയ്യാന്‍ വിശ്വാസികള്‍ മുന്നോട്ട് വരണം; പ്രകോപനവുമായി രാഹുല്‍ ഈശ്വര്‍

ശബരിമലയില്‍ മുപ്പത് മണിക്കൂർ കൂടി കോടതി വിധിയെ പ്രതിരോധിക്കാനും സമരം ചെയ്യാനും വിശ്വാസികൾ മുന്നോട്ട് വരണമെന്ന് രാഹുൽ ഈശ്വർ. ഫേസ്ബുക്ക് ലൈവിലൂടെയാണ് രാഹുല്‍ പൊലീസിനെ പ്രകോപിച്ചും വിശ്വാസികളെ ഇളക്കുന്ന തരത്തിലും പ്രകോപനപരമായ പ്രസ്താവന നടത്തിയത്. ഈ സമയം കൂടി മറികടക്കാനായാൽ 13 ന് കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

വീണ്ടും ശബരിമല സന്നിധാനത്തേക്ക് എത്താനുള്ള വഴിയെത്തി. പൊലീസുകാര്‍ നല്ല തയ്യാറെടുപ്പിലാണ്. നമ്മളും നല്ല തയ്യാറെടുപ്പിലാണെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നുണ്ട്. ചിത്തിര ആട്ട വിശേഷപൂജയ്ക്കായി തിങ്കളാഴ്ച ശബരിമല വീണ്ടും നട തുറക്കും. സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് ശബരിമലയില്‍ നാലിടിത്ത്  നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി കേരള പോലീസ് അറിയിച്ചു. ചീഫ് പോലീസ് കോര്‍ഡിനേറ്ററായ ദക്ഷിണ മേഖല എഡിജിപി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.നൂറ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1500 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായി ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.

error: Content is protected !!