ആറ്റുകാല്‍ ക്ഷേത്രത്തിലും ചക്കുളത്ത് കാവിലും പുരുഷന്മാരെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ശബരിമല വിധിക്ക് പിന്നാലെ ആറ്റുകാല്‍ ക്ഷേത്രത്തിലും ചക്കുളത്ത് കാവിലും അസമിലെ കാമാഖ്യ ക്ഷേത്രത്തിലും പുരുഷന്മാരെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. സന്നദ്ധ സംഘടന പ്രവര്‍ത്തകനായ സഞ്ജീവ് കുമാറാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ ആവശ്യത്തിന് പുറമെ മതപരമായ മറ്റ് ആചാരങ്ങള്‍ എടുത്ത് മാറ്റാനും ഹര്‍ജിയില്‍ പറയുന്നുണ്ട്.

നിലവില്‍ ആറ്റുകാല്‍, ചക്കുളത്ത് കാവ് ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് പ്രവേശനമുണ്ട്. എന്നാല്‍ ഇവിടെ പ്രവേശിക്കാന്‍ പുരുഷന്മാരെ അനുവദിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഇതിനു പുറമെ ആര്‍ത്തവകാലത്ത് ഹിന്ദുസ്ത്രീകള്‍ക്ക് എല്ലായിടത്തും പ്രാര്‍ത്ഥിക്കാനും അടുക്കളയില്‍ കയറാനും അനുവാദം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹിന്ദു സ്ത്രീകളെ പൂജാരികളും പുരോഹിതരും ആകാന്‍ അനുവദിക്കണമെന്നുമുണ്ട്.

ഇതിനു പുറമെ മുസ്ലിം സ്ത്രീകളെ ഇമാമാകാനും വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനും അനുവദിക്കണം. ആര്‍ത്തവകാലത്ത് മുസ്ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്നും നോമ്പ് നോക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കൂടാതെ ക്രിസ്ത്യന്‍ സ്ത്രീകളെ പുരോഹിതരും ബിഷപ്പും ആകാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

error: Content is protected !!