സുപ്രീംകോടതി സന്ദര്‍ശിക്കാന്‍ ഇനി പൊതുജനങ്ങള്‍ക്കും അവസരം

സുപ്രീംകോടതി ആദ്യമായി സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. എല്ലാ ശനിയാഴ്ചയുമാണ് സന്ദര്‍ശകര്‍ക്ക് സുപ്രീംകോടതി സന്ദര്‍ശിക്കാന്‍ കഴിയുക. നിലവില്‍ അഭിഭാഷകര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കുമാണ് സുപ്രീംകോടതിയുടെ ഉള്ളില്‍ പ്രവേശിക്കാനുള്ള അനുമതിയുള്ളു.  പ്രവേശന പാസിലൂടെയോ  ഇലക്ട്രോണിക് ആക്സസ് കാര്‍ഡിലൂടെയോ മാത്രമേ മറ്റുള്ളവര്‍ക്ക് സുപ്രീംകോടതിയില്‍ പ്രവേശിക്കാനാവു.  സുപ്രീംകോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാക്കാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും  ഇതൊരു പരീക്ഷണമാണെന്നും ചിഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ പുതിയ തീരുമാനത്തിലൂടെ പൊതുഅവധിയല്ലാത്ത എല്ലാ ശനിയാഴ്ചയും സന്ദര്‍ശകര്‍ക്കും സുപ്രീംകോടതിയിലെത്താം. രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് സന്ദര്‍ശകര്‍ക്ക് അനുമതി. പ്രവേശനം ആഗ്രഹിക്കുന്നവര്‍ സുപ്രീംകോടതിയുടെ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യേണ്ടതാണ്. സന്ദര്‍ശകര്‍ക്ക് കോടതി മുറികള്‍ കാണിച്ചുതരുന്നതിനും കെട്ടിടത്തിന്‍റെ ചരിത്ര പ്രാധാന്യം വിശദീകരിക്കുന്നതിനും  കോടതിയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും സന്ദര്‍ശകരെ അനുഗമിക്കും. സുപ്രീംകോടതിയെക്കുറിച്ചുള്ള ഒരു ഷോര്‍ട്ട് ഫിലിം സന്ദര്‍ശകരെ കാണിക്കും. യാത്ര അവസാനിക്കുന്നത് കോടതി പരിസരത്തെ മ്യൂസിയം കാണിച്ചുകൊണ്ടായിരിക്കും.

error: Content is protected !!