നാടൊരുമിച്ചു; അഭിമന്യുവിന്‍റെ സഹോദരിക്ക് മാംഗല്യം

വർഗീയതയ്ക്കെതിരെ ചുവരെഴുതിയതിന് കൊല്ലപ്പെട്ട അഭിമന്യൂവിന്‍റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് സാക്ഷാത്ക്കരിക്കാൻ നാടൊരുമിച്ചു. മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ് എഫ് ഐ നേതാവ് വട്ടവടക്കാരൻ അഭിമന്യുവിന്റെ സഹോദരി കൗസല്യ വിവാഹിതയായി. മൂന്നാർ വട്ടവടയിൽ നടന്ന വിവാഹച്ചടങ്ങിന് മന്ത്രി എം എം മണിയടക്കം നിരവധി പേർ സാക്ഷികളായി.

രാവിലെ പതിനൊന്നിന് ബന്ധുക്കൾക്കൊപ്പം അഭിമന്യുവിന്റെ അനുജത്തി കൗസല്യയും വരനും ക്ഷേത്രത്തിലെത്തി. ആചാരപ്രകാരം ഇരുവരും പൂജകള്‍ നടത്തി. തുടര്‍ന്ന് കാല്‍നടയായി വട്ടവട ഊര്‍ക്കാട് കുര്യാക്കോസ് ഏലിയാസ് സ്‌കൂളിലെ മണ്ഡപത്തിലേക്ക്. മന്ത്രി എം.എം മണി, ജോയ്സ് ജോര്‍ജ് എം.പി, എസ്.രാജേന്ദ്രന്‍ എം.എല്‍ എ, സിപിഎം കേന്ദ്ര കമ്മറ്റിയഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു, സിപിഎം നേതാക്കളായ ഗോപി കോട്ടമുറിക്കല്‍, കെ.പി.മേരി, ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. ജില്ലാ സെക്രട്ടറി വിവാഹത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുന്നതായി അറിയിച്ചു. തുടർന്ന് മധുസൂദനന്‍ കാസല്യയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി.

നവ ദമ്പതികള്‍ക്ക് ഗോവിന്ദന്‍ മാസ്റ്റര്‍ വിവാഹസമ്മാനം നല്‍കി. അരമണിക്കൂറോളം നീണ്ടു നിന്ന ചടങ്ങുകളില്‍ വട്ടവടയിലെ നാട്ടുകാരും പങ്കെടുത്തു. മഹാരാജാസ് കോളേജിലെ 100 ലധികം വിദ്യാര്‍ത്ഥികളും ചടങ്ങുകള്‍ക്ക് സാക്ഷികളായി. മഹാരാജാസിലെ വിദ്യാർഥികൾ അഭിമന്യൂവിന്‍റെ ഓർമകൾ പങ്കുവെച്ചത് വിവാഹചടങ്ങിൽ വികാരഭരിതമായ നിമിഷങ്ങളായി.

error: Content is protected !!