മധ്യപ്രദേശില്‍ അധികാരത്തില്‍ വന്നാല്‍ ‘ആര്‍.എസ്.എസ് ശാഖകള്‍’ നിരോധിക്കുമെന്ന് കോണ്‍ഗ്രസ്

മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്‍ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ കെട്ടിടങ്ങളിലും പരിസരങ്ങളിലും നടത്തുന്ന ആര്‍.എസ്.എസ് ശാഖകള്‍ നിരോധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വ്യക്തമാക്കുന്ന പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ശനിയാഴ്ചയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്.

കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലേറിയാല്‍ സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങളിലോ പരിസര പ്രദേശങ്ങളിലോ ആര്‍.എസ്.എസ് ശാഖകള്‍ അനുവദിക്കില്ല. ഇതിനു പുറമെ ആര്‍.എസ്.എസ് ശാഖകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും പ്രകടന പത്രികയില്‍ സൂചിപ്പിക്കുന്നു. മധ്യപ്രദേശില്‍ തുടര്‍ച്ചയായി മൂന്നു തവണ അധികാരത്തിലെത്തിയ ബി.ജെ.പിക്കെതിരെ കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുന്നത്.

പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ ജ്യോതിരാദിത്യ സിന്ധ്യ, മുന്‍ മുഖ്യമന്ത്രി ദിഗ്‍വിജയ് സിങ്, മുന്‍ കേന്ദ്രമന്ത്രി സുരേഷ് പച്ചൌരി, പ്രതിപക്ഷ നേതാവ് അജയ് സിങ്, മുന്‍ പി.സി.സി അധ്യക്ഷന്‍ അരുണ്‍ യാദവ് എന്നിവരാണ് പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്തത്. ആര്‍.എസ്.എസ് ഒരു സാമൂഹിക സംഘടനയല്ല. ബി.ജെ.പിയുടെ ഭാഗമാണ്. ബി.ജെ.പിയുടെ ലാഭത്തിന് വേണ്ടി മാത്രമാണ് ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നത്. രാജ്യമെമ്പാടും വര്‍ഗീയത പടര്‍ത്തുന്ന സംഘടന കൂടിയാണ് ആര്‍.എസ്.എസെന്നും കോണ്‍ഗ്രസ് നേതാവ് മായങ്ക് അഗര്‍വാള്‍ പറഞ്ഞു.

error: Content is protected !!