എടിഎമ്മില്‍ നിന്ന് പിൻവലിക്കാവുന്ന തുക എസ്ബിഐ പകുതിയാക്കി കുറച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിൽ നിന്നു പ്രതിദിനം പിൻവലിക്കാവുന്ന തുകയുടെ പരിധി 20,000 രൂപയാക്കി കുറച്ചു. ഇപ്പോൾ ഇതു 40,000 രൂപയാണ്. ഒക്ടോബർ 31നു പുതിയ തീരുമാനം നിലവിൽ വരും. മാസ്ട്രോ, ക്ലാസിക് എടിഎം കാർഡുകൾ ഉപയോഗിക്കുന്ന സാധാരണക്കാരെയാണ് ഇതു ബാധിക്കുക. ഉയർന്ന അക്കൗണ്ട് ഉടമകൾക്കു ലഭിക്കുന്ന സിൽവർ, ഗോൾഡ്, പ്ലാറ്റിനം എടിഎം കാർഡുകൾക്കും കറന്റ് അക്കൗണ്ട് ഉടമകൾക്കും പരിധി ബാധകമല്ല.

എടിഎം തട്ടിപ്പുകൾ വർധിപ്പിച്ചുവരുന്നത് പരിഗണിച്ചാണ് മാസ്ട്രോ, ക്ലാസിക് പ്ലാറ്റ് ഫോം ഉപയോഗിക്കുന്നവര്‍ക്ക് പിൻവലിക്കാവുന്ന തുകയുടെ പരിധി കുറച്ചതെന്നാണ് എസ്ബിഐയുടെ വിശദീകരണം. ‘കുറഞ്ഞ തുകയാണ് പലരും എടിഎമ്മുകളിൽ നിന്ന് പിൻവലിക്കുന്നത്. അതിനാൽ ഭൂരിഭാഗം ഉപഭോക്താക്കൾക്കും 20,000 എന്ന പരിധി മതിയാകും’- എസ്ബിഐ മാനേജിംഗ് ഡയറക്ടർ പികെ ഗുപ്ത പറഞ്ഞു.

സേവന നിരക്കില്ലാതെ എടിഎം വഴി പണം പിൻവലിക്കാനുള്ള പരിധി അഞ്ചായി തുടരും. ഇതു മൂന്നായി ചുരുക്കണമെന്നാവശ്യപ്പെട്ട് എസ്ബിഐ ഉൾപ്പെടെയുള്ള ദേശസാത്കൃത ബാങ്കുകൾ ധനമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. പണമില്ലാത്ത എടിഎമ്മുകളിൽ ഇടപാടുകൾ നടത്തുമ്പോഴും ഉപഭോക്താക്കളിൽ നിന്നു സേവന നിരക്ക് ഈടാക്കുന്നതു നിർത്തലാക്കാൻ തീരുമാനമായില്ല.

എടിഎം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പു തടയാനും കറൻസിരഹിത ഇടപാട് പ്രോൽസാഹിപ്പിക്കാനുമാണു നടപടിയെന്നു എസ്ബിഐ വ്യക്തമാക്കുന്നു. എന്നാൽ, മറ്റു ബാങ്കുകളൊന്നും പണം പിൻവലിക്കാനുള്ള പരിധി വെട്ടിക്കുറച്ചിട്ടില്ല. നോട്ട് അസാധുവാക്കലിനു ശേഷം എടിഎം വഴിയുള്ള ഇടപാടുകൾ 20% കുറഞ്ഞതായാണ് എസ്ബിഐ അവകാശപ്പെടുന്നത്.

error: Content is protected !!