എറണാകുളത്ത് ട്രെയിന്‍ പാളം തെറ്റി

എറണാകുളം കളമശ്ശേരിയില്‍ മെമു ട്രെയിന്‍ പാളം തെറ്റി. പാലക്കാട് എറണാകുളം മെമു സര്‍വ്വീസാണ് കളമശ്ശേരിയില്‍ പാളം തെറ്റിയത്. അപകടത്തില്‍ ആളപായമില്ല. സംഭവത്തെ തുടര്‍ന്ന് എറണാകുളത്തേക്കുള്ള ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂര്‍ തടസ്സപ്പെട്ടു.

അതേസമയം തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതത്തിന് തടസ്സമില്ല. പാളത്തിലെ സിഗ്നലിംഗ് പോയിന്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിടെയായിരുന്നു അപകടം. അപകട കാരണം കൂടുതൽ പരിശോധനകൾക്ക് ശേഷമെ പറയാൻ കഴിയൂ എന്ന് റെയിൽവെ ഏരിയ മാനേജർ ഹരികൃഷ്ണൻ അറിയിച്ചു.

എന്നാല്‍ സിഗ്നൽ പോയിന്റിലെ  ഏകോപനത്തിൽ സംഭവിച്ച പാളിച്ചയാണ് അപകട കാരണമെന്നാണ് സൂചന. ട്രാക്ക് നിശ്ചയിക്കുന്ന സിഗ്നൽ പോയിന്റിലെ മോട്ടോർ അറ്റകുറ്റപ്പണിക്കായി വിച്ഛേദിച്ചിരുന്നു.മാനുവൽ രീതിയിൽ ചെയ്യേണ്ട ജോലി യഥാസമയം ചെയ്തില്ലെന്നാണ് ലഭിക്കുന്ന വിവരം.

error: Content is protected !!