തളിപ്പറമ്പ് ശിവക്ഷേത്രം ഏറ്റെടുക്കാനുള്ള ദേവസ്വം ബോർഡ് നടപടിക്കെതിരെ പ്രതിക്ഷേധം

കണ്ണൂർ തൃച്ഛംബരം ശ്രീ മുളങ്ങേശ്വരം ശിവക്ഷേത്രം ഏറ്റെടുക്കാനുള്ള ദേവസ്വം ബോർഡ് നടപടിക്കെതിരെ വിശ്വാസികളുടെ പ്രതിക്ഷേധം. പ്രതിഷേധം കണക്കിലെടുത്ത് ചുമതല ഏറ്റെടുക്കാനെത്തിയ ദേവസ്വം ബോർഡ് എക്സിക്യൂട്ടിവ് ഓഫീസർ എം. ഗിരിധരൻ മടങ്ങി.

രാവിലെ ഒമ്പതരയോടെയാണ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ചുമതലയേറ്റെടുക്കാനെത്തിയത്. പൊലീസ് സുരക്ഷയോടെ എത്തിയ ഉദ്യോഗസ്ഥർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിശ്വാസികൾ തടഞ്ഞു. ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിശ്വാസികളുടെ ആരോപണം.

പ്രതിഷേധം ശക്തമായതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് ഉദ്യോഗസ്ഥർ മടങ്ങി. ക്ഷേത്രജീവനക്കാര്ക്ക് യഥാവിധി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് പരിതികള് കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കലിന് മലബാര് ദേവസ്വം ബോര്ഡ് തയ്യാറായതെന്നാണ് അധികൃതര് പറയുന്നത്. ഏഴ് വർഷം മുമ്പ് ക്ഷേത്രം ഏറ്റെടുക്കാൻ ദേവസ്വം ബോർഡ് ജീവനക്കാർ എത്തിയപ്പോഴും പ്രതിഷേധം കാരണം പിന്തിരിയുകയായിരുന്നു. പുതിയ ഉത്തരവ് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ചുമതല ഏറ്റെടുക്കാനെത്തിയതെന്നും തുടർ നടപടികൾക്കായി കോടതിയെ സമീപിക്കുമെന്നും അധികൃതർ പറഞ്ഞു.

error: Content is protected !!