സര്‍വീസ് നിര്‍ത്താനൊരുങ്ങി കണ്ണൂരിലെ ബസുകള്‍

ഇന്ധന വില വര്‍ധന താങ്ങാനാവാതെ ജില്ലയിലെ ഇരുന്നൂറോളം ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു.    താൽക്കാലികമായി സർവീസ് നിർത്തി വയ്ക്കാൻ സ്റ്റോപ്പേജ് മെമ്മോ നൽകിയിരിക്കുകയാണ് ബസ് ഉടമകൾ. ഡീസൽ വില വർധന കാരണമുള്ള നഷ്ടം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് ബസ് ഉടമകൾ സർവീസ് നിർത്തി വയ്ക്കുന്നത്. ഡീസൽ വില വർധനവ് മൂലം പ്രതി ദിനം 1000 മുതൽ 1500 രൂപ വരെ അധിക ചിലവാണ് ഒരു ബസ്സിന്‌ നേരിടേണ്ടി വരുന്നത്.

ഇതോടെ കനത്ത നഷ്ടത്തിലേക്ക് നീങ്ങിയതാണ് സർവീസുകൾ നിർത്തി വയ്ക്കാൻ ബസ് ഉടമകളെ പ്രേരിപ്പിച്ചത്. താൽക്കാലികമായി സർവീസുകൾ നിർത്തി വയ്ക്കാനുള്ള ബസ് സ്റ്റോപ്പജ് മെമ്മോ അപേക്ഷ നൽകി കാത്തിരിക്കുന്നത് നൂറു കണക്കിന് ബസ് ഉടമകൾ. കണ്ണൂർ ജില്ലയിൽ സർവിസ് നടത്തുന്ന 1300 ഓളം സ്വകാര്യ ബസ്സുകളിൽ ഇരുന്നൂറോളം ബസുകളാണ് സ്റ്റോപ്പജ് മെമ്മോ നൽകി സർവീസ് നിർത്തുന്നത്.

ഡീസൽ വില കുറയുന്നില്ലെങ്കിൽ കേരളത്തിലെ ബസ് വ്യവസായം കനത്ത തകർച്ച നേരിടുമെന്ന് ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ കോ- ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ എം വി വത്സലൻ പറഞ്ഞു. നേരത്തെ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ഡീസൽ വിലയിൽ വലിയ വർധനവ് ഉണ്ടാകുമ്പോൾ ബസ് ചാർജ് വർധനയിലൂടെ പ്രശ്നം പരിഹരിക്കാമായിരുന്നു.

എന്നാൽ കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായി ഇപ്പോൾ ദിവസവും വില വർധിക്കുന്നതിനാൽ ചാർജ് വർധന കൊണ്ട് പോലും പരിഹാരം കാണാൻ കഴിയാത്ത സ്ഥിതിയാണ്. യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായതും ബസ് വ്യവസായം നഷ്ടത്തിലാകാൻ കാരണമായി ഉടമകൾ ചൂണ്ടിക്കാട്ടുന്നു.

error: Content is protected !!