തലശ്ശേരി കോടതി കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് അഭിഭാഷകന് പരിക്ക്

തലശ്ശേരി ജില്ലാ  കോടതി കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് അഭിഭാഷകന് പരിക്കേറ്റു.കൊളശ്ശേരി സ്വദേശി അഡ്വ. പ്രേംനാഥിനാണ് പരിക്കേറ്റത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.കോടതി നടപടികള്‍ നടക്കുന്നതിനിടയില്‍ വേണ്ടറുടെ അടുത്ത് സ്റ്റാമ്പ് വാങ്ങാന്‍ പോകുന്നതിനിടയില്‍ കോടതി വരാന്തയിലെ സ്ലാബ് തകര്‍ന്നു വീണാണ് പ്രേംനാദിന് പരിക്കേറ്റത്. ഇദേഹത്തിന്റെ കണ്ണടയും കീശയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും കോണ്‍ക്രീറ്റ് ചീളുകള്‍ വീണ് തകര്‍ന്നു.  കയ്യിലും പരിക്കുണ്ട്. മുദ്ര കടലാസുള്‍പ്പെടെ വില്‍പ്പന നടത്തുന്ന വേണ്ടര്‍ ഇരിക്കുന്ന പ്രധാന കവാടത്തിന് സമീപത്തെ കോണ്‍ക്രീറ്റ് സ്ലാബാണ് അടര്‍ന്ന് വീണത്.

കൊലപാതക കേസുകള്‍ ഉള്‍പ്പടെ വിചാരണ നടക്കുന്ന സെഷന്‍സ് കോടതികളും കുടുംബ കോടതിയും മജിസത്രേട്ട് കോടതിയും പ്രവര്‍ത്തിക്കുന്ന കോടതി സമുച്ചയം കാഴപ്പഴക്കത്താല്‍ തകര്‍ന്ന് വീണത്  ആശങ്ക ഉയര്‍ത്തുന്നുണ്ട്. ദിനം പ്രതി കേസ് സംബന്ധമായി എത്തുന്ന നൂറു കണക്കിന് പേരും അഭിഭാഷകരും ജീവനക്കാരുമുള്‍പ്പെടെ നിരവധി പേര്‍ എത്തുന്ന പ്രധാന കവാടത്തിന് സമീപത്തെ മേല്‍ക്കൂരയാണ് തകര്‍ന്നത്.

1975ലാണ് കോടതിയിലെ ഈ പ്രധാന കെട്ടിടം പണി കഴിപ്പിച്ചത്.  പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ കോടതിയിലെത്തി പരിശോധന നടത്തി. ഉടന്‍ തന്നെ അറ്റകുറ്റപ്പണി നടത്താന്‍ തയ്യാറാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

error: Content is protected !!