ഗൂഗിൾ മാപ്പ് നോക്കി വന്നു: ടാങ്കർ ലോറികൾ പോക്കറ്റ് റോ‍ഡിൽ കുടുങ്ങി

ഗൂഗിൾ മാപ്പ് നോക്കി വഴിതെറ്റിയെത്തിയ രണ്ട് ഗ്യാസ് ടാങ്കർലോറികൾ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി. കഴിഞ്ഞ ദിവസം  രാത്രി 1.30ന് പഴയങ്ങാടിക്ക് സമീപം വെങ്ങരയിലാണു സംഭവം. പഴയങ്ങാടി കെഎസ്ടിപി റോഡ് വഴി പയ്യന്നൂർ ഭാഗത്തേക്കു വന്ന ടാങ്കർ ലോറികളാണ് മാടായിപ്പാറ– കീയ്യച്ചാൽ റോഡ് വഴി വെങ്ങര അമ്പുകോളനി റോഡിൽ എത്തിച്ചേർന്നത്.

കഷ്ടിച്ച് ഒരു ടിപ്പർ ലോറിക്ക് മാത്രം പോകാൻ പറ്റുന്ന ചെങ്കുത്തായ ഇറക്കങ്ങളും വളവുകളുമുള്ള റോഡിലൂടെയാണ് വലിയ ഗ്യാസ് ടാങ്കർലോറികൾ വന്നത്. ലോറി റോഡരികിലെ മരങ്ങളിലും പോസ്റ്റുകളിലും ഇടിക്കുകയും ചെയ്തിരുന്നു.

ലോറികളിൽ ഗ്യാസ് ഉണ്ടായിരുന്നില്ല.  മുംബൈയിലേക്ക് പോകേണ്ട ലോറികള്‍ ആയിരുന്നു ഇവ. രാവിലെ റോഡിൽ ഗ്യാസ് ടാങ്കർ ലോറികൾ കണ്ട് നാട്ടുകാർ പരിഭ്രാന്തരായി. പഴയങ്ങാടി പൊലീസ്, കെഎസ്ഇബി അധികൃതർ വഴി ഇടപെട്ട് വൈദ്യുത ബന്ധം വിഛേദിച്ചു.

നാട്ടുകാരുടെ സഹായത്തോടെ ലോറികൾക്ക് ഗതാഗത സൗകര്യമൊരുക്കി. രാത്രി 1.30ന് എത്തിയ ലോറികള്‍ രാവിലെ എട്ടോടെയാണ് മാടായിപ്പാറ വഴി തിരികെപ്പോയത്.

error: Content is protected !!