ശബരിമല: ഭിന്നാഭിപ്രായത്തില്‍ ഉറച്ച് ബിജെപി ബൌദ്ധിക സെല്‍ തലവന്‍ ടി ജി മോഹന്‍ദാസ്‌

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ കലാപസമാനമായ അന്തരീക്ഷമാണ് ശബരിമലയില്‍. തുടക്കത്തില്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് നേരെ ആക്രമണമഴിച്ചു വിട്ടും തെറി വിളിച്ചുമാണ് ഭക്തര്‍ എന്നവകാശപ്പെടുന്നവര്‍ അവിടെ തമ്പടിച്ചിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം സോഷ്യല്‍ മീഡിയയിലും നടക്കുന്നുണ്ട്. ശബരിമല കയറാന്‍ എത്തിയ സ്ത്രീകളെ തടഞ്ഞതിന് പുറമേ അവരുടെ വീടുകള്‍ ആക്രമിക്കുന്ന ഘട്ടത്തിലേക്കും കാര്യങ്ങള്‍ എത്തി. 12 വര്‍ഷം നടന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് സുപ്രീം കോടതി ഈ വിധി പ്രസ്താവിച്ചത്. ശബരിമലയിലെ സ്ത്രീപ്രവേശന കാര്യത്തില്‍ തുടക്കം മുതല്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ബിജെപിയും ആര്‍എസ്എസും പിന്നീട് നിലപാട് മാറ്റി സ്ത്രീകളെ തടയാന്‍ രംഗത്തിറങ്ങുന്നതിനും കേരളം സാക്ഷ്യം വഹിച്ചു.

ഈ സാഹചര്യത്തില്‍ ആര്‍എസ്എസ് നേതാവും ബിജെപിയുടെ ബൌദ്ധിക സെല്ലിന്റെ തലവനുമായ ടി.ജി മോഹന്‍ദാസ്‌ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് തുടക്കം മുതല്‍ ഉയര്‍ത്തുന്നത്. ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ തടയുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നു പറയുന്ന അദ്ദേഹം ഇക്കാര്യത്തില്‍ പ്രതിഷേധിക്കുന്നവര്‍ ചരിത്ര വസ്തുതകളെ മറച്ചു വച്ച് പെരുമാറുകയാണെന്നും പറയുന്നു. റിപ്പോര്‍ട്ടര്‍ ടി.വിയില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ടി.ജി മോഹന്‍ ദാസിന്റെ വാക്കുകള്‍

“സുപ്രീം കോടതി വിധി വന്നു കഴിഞ്ഞപ്പാള്‍ തീവ്രസ്വഭാവമുള്ള കുറച്ചു പേര്‍ എന്റെ നെഞ്ചില്‍ ചവിട്ടിയേ പോകാന്‍ പറ്റൂ എന്നൊക്കെ വീരവാദം മുഴക്കി. അതിനെ പ്രോത്സാഹിപ്പിക്കുന്ന ആള്‍ക്കാരും ഉണ്ടായി. ശബരിമലയിലെ യഥാര്‍ത്ഥ കാര്യം ചിലരൊക്കെ തെറ്റിദ്ധരിക്കുന്നു. എന്തോ സഹസ്രാബ്ദങ്ങളായി അവിടെ സ്ത്രീകള്‍ കയറിയിരുന്നില്ല എന്നാണ് അവര്‍ പരയുന്നത്. അത് തെറ്റാണ്. സ്ത്രീകള്‍ കയറിയിരുന്നു. ദുര്‍ഘടം പിടിച്ച സ്ഥലമായതു കൊണ്ട് എണ്ണത്തില്‍ കുറവായിരുന്നു എന്നു മാത്രം.

പണ്ട് ശബരിമലയില്‍ കൊടിമരമില്ലായിരുന്നു. പിന്നീട് കൊടിമരം വന്നു. തുടര്‍ന്ന് മലയാള മാസം ഒന്നാം തീയതി കൂടെ നട തുറക്കാന്‍ തീരുമാനിച്ചു. അതുവരെ മണ്ഡല, മകര വിളക്ക് രണ്ടു സീസണില്‍ മാത്രം തുറക്കുന്ന കാനന ക്ഷേത്രമായിരുന്നു ശബരിമല. കൊടിമരം വന്നതോടെ മലയാള മാസം ഒന്നാം തീയതി ക്ഷേത്രം തുറക്കാന്‍ തുടങ്ങി. ഒപ്പം അഞ്ചു ദിവസം കൂടി ഉള്‍പ്പെടുത്തി മൊത്തം ആറു ദിവസം തുറന്നുവയ്ക്കാന്‍ തുടങ്ങി.

മലയാള മാസം ഒന്നാം തീയതി തുറക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു വ്രതവും ഇല്ലാണ്ട് എല്ലാവരും കയറി. കൂടെ സ്ത്രീകളും കയറി. അതായത് 1984-85 കാലഘട്ടത്തില്‍, കൊടിമരം വച്ചതിനു ശേഷം മലയാള മാസം ഒന്നാം തീയതി മുതല്‍ ഇങ്ങനെയാണ്.

അതിനിടെയാണ് 1991-ല്‍ ചങ്ങനാശ്ശേരിക്കാരനോ മറ്റോ ആയ മഹേന്ദ്രന്‍ എന്നൊരാള്‍ ഹൈക്കോടതിക്ക് ഒരു കത്തയയ്ക്കുന്നത്. ഈ പ്രാക്ടീസും കൂടി നിര്‍ത്തണം എന്നായിരുന്നു ആവശ്യം. ആ കത്ത് റിട്ടാക്കിയിട്ടാണ് ജസ്റ്റിസ് ബാലനാരായണ മാരാരുടെ വിധി വരുന്നത്. ജസ്റ്റിസ് പരിപൂര്‍ണന്‍ സീനിയറാണെങ്കിലും അദ്ദേഹം പുറകിലിരിക്കുകയായിരുന്നു, എല്ലാ അര്‍ത്ഥത്തിലും. അങ്ങനെ ജസ്റ്റിസ് ബാലനാരായണ മാരാര്‍ ജഡ്ജ്‌മെന്റ് എഴുതി.

ആ ജഡ്ജ്‌മെന്റില്‍ അന്നത്തെ ദേവസ്വം കമ്മീഷണര്‍ കമ്മീഷണര്‍ പറയുന്നു, മലയാള മാസം ഒന്നാം തീയതി അവിടെ ചോറൂണ് നടക്കുന്നു. എല്ലാ സ്ത്രീകളും വരുന്നുണ്ട് എന്ന്. നൂറുകണക്കിന് രസീതുകളും അവര്‍ ഹാജരാക്കി. അവരുടെ മകള്‍ക്കും അവിടെ ചോറൂണ് നടത്തി. അതിന്റെ ഫോട്ടോ പത്രത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവര്‍ക്ക് എട്ടുവര്‍ഷം കാത്തിരുന്നിട്ടുണ്ടായ കുട്ടിയാണ്. അയ്യപ്പന്റെ മുന്നില്‍ ചോറൂണ് നടത്തിക്കൊള്ളാമെന്ന് വഴിപാടുണ്ടായിരുന്നു. അങ്ങനെ വന്നു. രസീത് കൊടുത്തിട്ടാണ് അത് ചെയ്തത്.

അപ്പോള്‍ കുറഞ്ഞ തോതിലാണെങ്കില്‍ പോലും അവിടെ സ്ത്രീകള്‍ കയറിയിരുന്നു. 91-ലെ വിധിയിലാണ് ഈ നൈഷ്ഠിക ബ്രഹ്മചര്യം വരുന്നത്. ഹനുമാനേക്കാള്‍ വലിയ നൈഷ്ഠിക ബ്രഹ്മചാരി ഉണ്ടോ? നൈഷ്ഠിക ബ്രഹ്മചാരികള്‍ക്ക് സ്ത്രീകള്‍ അടുത്തു വന്നാലോ ഒന്നും ഒരു കുലുക്കവും ഉണ്ടാകില്ല. അത് അയ്യപ്പനല്ല, ആരാണെങ്കിലും. അതുപോലെ അയ്യപ്പന്റെ തൊട്ടടുത്തല്ലേ മാളികപ്പുറത്തമ്മ. അതൊരു സ്ത്രീസാന്നിധ്യമല്ലേ? നിത്യമായ സ്ത്രീ സാന്നിധ്യം.

അതുപോലെ സ്ത്രീകളെ പമ്പയില്‍ തടയുന്നതെന്തിനാ? എതിര്‍പ്പാണെങ്കില്‍ പതിനെട്ടാംപടി നിങ്ങള്‍ കയറ്റണ്ട. അവര്‍ മാളികപ്പുറത്തമ്മയേയും ഒക്കെ തൊഴുതിട്ട് പൊയ്‌ക്കോട്ടെ, എന്നാല്‍ അവരെ കിലോ മീറ്ററുകള്‍ക്ക് താഴെ നീലിമലയുടെ താഴെ തടയുന്നു. ഇതൊക്കെ മനുഷ്യര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണ്.

നൈഷ്ഠിക ബ്രഹ്മചര്യത്തെക്കുറിച്ച് പറയുമ്പോള്‍ മാളികപ്പുറത്തമ്മ നിരന്തര, നിതാന്ത സാന്നിധ്യമായി അവിടെയുണ്ട്. ഈ മാളികപ്പുറത്തമ്മ നൈഷ്ഠിക ബ്രഹ്മചര്യത്തിന് യോജിക്കുന്ന ഒന്നാണോ? അല്ലല്ലോ? അതുപോലെ പേട്ടതുള്ളലും തിരുവാഭരണ ഘോഷയാത്രയും ഒക്കെയുണ്ട്. ആരുടെ ആഭരണമാണതില്‍ ഉളളത്? ശാസ്താവിന്റെ രണ്ടു ഭാര്യമാരായ പൂര്‍ണ, പുഷ്‌കല എന്നീ രണ്ടു ഭാര്യമാരുടെ ആഭരണവുമായിട്ടാണ് ശബരിമലയ്ക്ക് ഘോഷയാത്ര.

അപ്പോള്‍ നൈഷ്ഠിക ബ്രഹ്മചാരിയായിട്ടുള്ള ആള്‍ക്ക് രണ്ടു ഭാര്യമാരുണ്ടാകുമോ? തിരുവാഭരണം കൊണ്ടു പോകുന്നത് ശബരിമലയിലേക്കാണല്ലോ. ശബരിമലയില്‍ ഒരേയൊരു പ്രതിഷ്ഠയല്ലേ ഉള്ളൂ. ശാസ്താവ് വേറെ അയ്യപ്പന്‍ വേറെ രണ്ടു പ്രതിഷ്ഠയില്ലല്ലോ. ഒറ്റ പ്രതിഷ്ഠയല്ലേ ഉള്ളൂ. അപ്പോള്‍ നമുക്ക് ആവശ്യമുള്ളപ്പോള്‍ അയ്യപ്പനാണ്, നൈഷ്ഠിക ബ്രഹ്മചാരിയാണ്. നമുക്ക് ആവശ്യമില്ലാത്തപ്പോള്‍ ശാസ്താവാണ്, രണ്ടു ഭാര്യമാരുണ്ട്, കുട്ടിയുമുണ്ട്. ഇങ്ങനെ ഈ ചുവടുമാറ്റം നടത്തുന്നതുകൊണ്ടാണ് സുപ്രീം കോടതിയില്‍ നിന്ന് ഇങ്ങനെയൊരു വിധി വന്നത്. കോടതിയില്‍ കൊടുക്കുന്ന ഫാക്റ്റില്‍ നിങ്ങള്‍ കൃത്രിമം കാണിക്കരുത്. ഫാക്റ്റ് ഒളിച്ചു വയ്ക്കാന്‍ സാധ്യമല്ല. 84 അല്ലെങ്കില്‍ 85 മുതല്‍ 91 വരെ അവിടെ സ്ത്രീകള്‍ കയറിക്കൊണ്ടിരുന്നു. അന്ന് അവിടെ തന്ത്രിയും പരികര്‍മിയും ദേവസ്വം ബോര്‍ഡും ഒക്കെയുണ്ട്. എന്നിട്ട് ഏഴു വര്‍ഷം കഴിഞ്ഞ് ചങ്ങനാശേരിക്കാരനായ ഒരു മഹേന്ദ്രന്‍ വേണ്ടി വന്നു അത് മുടക്കാന്‍. അപ്പോള്‍ ഇത്രയും പേര്‍ സ്ത്രീകളുടെ പ്രവേശനം അനുവദിച്ചത് എന്താ?

ഇതാരും ഒളിച്ചും പാത്തും കയറിയതല്ല. ഏഴു വര്‍ഷമായി സ്ത്രീകള്‍ അവിടെ കയറിക്കൊണ്ടിരുന്നതാണ്. എവിടെ നിന്നോ വന്ന ഒരു മഹേന്ദ്രന്‍ അയച്ച കത്താണ് പിന്നീട് റിട്ട് പെറ്റീഷനായി വിധിയുണ്ടാകുന്നത്. പക്ഷേ, ആ കോടതി വിധിയില്‍ അതുവരെ നടന്ന കാര്യങ്ങള്‍ പറയുന്നുണ്ട്.

ഇനി മറ്റൊരു കാര്യം. സ്ത്രീകള്‍ കയറിയ ഈ ഏഴു വര്‍ഷവും അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായിരുന്നില്ലേ?

തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്തിട്ട് ഒരു സ്ത്രീ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഏത് അവയവത്തിന്റെ പേരിലാണോ എന്നെ ശബരിമലയില്‍ കയറ്റാത്തത് ആ അവയവം ഞാന്‍ മുറിച്ചു കളഞ്ഞിരിക്കുന്നു, എന്നെ ഇനി അവിടെ കയറ്റണം എന്നാണ് അവര്‍ പറഞ്ഞത്. ഹൈക്കോടതി പക്ഷേ പറഞ്ഞത് നിങ്ങള്‍ പത്തിനും അമ്പതിനും ഇടയിലാണ് പ്രായമെങ്കില്‍ കയറാന്‍ പറ്റില്ല എന്നാണ്. ആ സ്ത്രീയുടെ മുള കീറുന്നതുപോലുള്ള കരച്ചില്‍ ഇന്നും എന്റെ മനസിലുണ്ട്. അന്നാണ് ഞാന്‍ ഇതിനു വേണ്ടി ക്യാംപെയ്ന്‍ ആരംഭിച്ചത്. പക്ഷേ ഹിന്ദു സമൂഹത്തില്‍ ഒരു കലഹമുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അതുകൊണ്ട് നിശബ്ദമായി ഞാന്‍ ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത് തുടങ്ങി പറയാവുന്നവരോടെല്ലാം പറഞ്ഞു. രേഖകള്‍ ശേഖരിച്ചു.

മരിച്ചു പോയ പ്രശസ്ത പത്രപ്രവര്‍ത്തക ലീലാ മേനോന്റെ ആത്മകഥയെടുത്ത് വായിച്ചു നോക്കൂ. അവര്‍ 50 വയസിനു മുമ്പ് ശബരിമലയില്‍ പോയിട്ടുണ്ട്. അവര്‍ അറിഞ്ഞ് എഴുതിയതല്ല. ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഉള്ള കാലത്ത് കരുണാകരന്റെ കൂടെ അവിടെ പോയി റിപ്പോര്‍ട്ട് ചെയ്തു എന്നൊക്കെ പറഞ്ഞിട്ട് അവര്‍ പറഞ്ഞു പോവുകയാണ്. ഞാന്‍ അവരുടെ പ്രായം പുറകോട്ട് കണക്കൂകുട്ടിയപ്പോള്‍ അവര്‍ക്ക് 48 അല്ലെങ്കില്‍ 49 വയസേ അപ്പോള്‍ ഉള്ളൂ. അവരും സന്നിധാനത്ത് കയറിയിരുന്നു. ആരും തടസപ്പെടുത്തിയില്ല”– അദ്ദേഹം പറയുന്നു

error: Content is protected !!