തലയില്‍ ഷാള്‍ ഇട്ടതിന് യുവതിക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചു

തലയിൽ ഷാൾ ഇട്ടതിന്റെ പേരിൽ യുവതിക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചതായി പരാതി. പാലക്കാട് പട്ടാമ്പി സ്വദേശിക്കാണ്  അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചത്. മോശമായി പെരുമാറിയ ക്ഷേത്രം ജീവനക്കാർ ഉൾപ്പെടെയുളളവർക്കെതിരെ യുവതി പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. ചികിത്സയുടെ ഭാഗമായാണ്  ഷാള്‍ ധരിച്ചതെന്ന് യുവതി പറഞ്ഞു.

പട്ടാമ്പി സ്വദേശി അഞ്ജന എന്ന യുവതി യാത്രക്കിടെയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ എത്തിയത്. ചികിത്സയുടെ ഭാഗമായി തലയില്‍ ഒരു ഭാഗത്ത് മുടി നീക്കം ചെയ്യപ്പെട്ടതിനാല്‍ ഷാള്‍ പുതച്ചാണ് അഞ്ജന അമ്പലത്തിലെത്തിയത്. അന്യമതത്തില്‍പെട്ട കുട്ടിയെന്ന് കരുതി സെക്യൂരിട്ടി അഞ്ജന തടഞ്ഞു. പേരും മറ്റ് വിവരങ്ങളും പറഞ്ഞിട്ട് പോലും തലയിലിട്ട തുണി മാറ്റാതെ അമ്പലത്തില്‍ കടത്തില്ല എന്ന് സുരക്ഷാ ജീവനാക്കാരും പരിസരത്ത് ഉണ്ടായിരുന്നവരും നിലപാട് എടുത്തു. അതോടെ  അസഭ്യവര്‍ഷത്തോടെ ചുറ്റും ഉണ്ടായിരുന്നവര്‍ എത്തി. ക്ഷേത്രം ജീവനക്കാര്‍ ഉള്‍പ്പടെ മോശം സമീപനമാണ് സ്വീകരിച്ചതെന്ന് അഞ്ജന പറയുന്നു. അഞ്ജനയുടെ പരാതിയില്‍ പെരിന്തൽമണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!