എസ്.എസ്.എല്‍.സി പരീക്ഷാ സമയം മാറ്റിയേക്കും

ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാ സമയത്തിൽ മാറ്റം വരുത്താന്‍ സാധ്യത. മുൻ വർഷങ്ങളിൽ ഉച്ചയ്ക്കു ശേഷം നടത്തിയിരുന്ന പരീക്ഷ ഇത്തവണ രാവിലെ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ഒപ്പം നടത്താനാണ് ആലോചന. മാർച്ചിലെ കടുത്ത ചൂടിൽ ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ വിദ്യാർഥികളെ ഏറെ ബുദ്ധിമുട്ടിക്കുന്നെന്നും സമയക്രമം മാറ്റണമെന്നും നിർദ്ദേശമുണ്ടായിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു അർധ വാർഷിക പരീക്ഷകൾ ഒരുമിച്ച് നടത്തും. ഇതിൽ പ്രായോഗിക ബുദ്ധിമുട്ടില്ലെന്നു കണ്ടാൽ മാർച്ചിലെ എസ് എസ് എൽ സി പരീക്ഷ രാവിലെയാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്.

എസ്എസ്എൽസി പരീക്ഷ രാവിലെയാക്കണമെന്ന ശുപാർശ നേരത്തെ തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഗുണനിലവാര സമിതി സർക്കാരിന് സമർപ്പിച്ചിരുന്നതാണ്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ നടപടി വൈകുകയായിരുന്നു. പരീക്ഷ രാവിലെയാക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ നേരത്തെ ബാലാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ ബാലാവകാശ കമ്മീഷൻ വിശദീകരണം തേടിയപ്പോൾ, ചോദ്യപേപ്പർ രാവിലെ സ്കൂളുകളിൽ എത്തിക്കാൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നായിരുന്നു വിദ്യാഭ്യാസവകുപ്പ് വിശദീകരിച്ചത്.

നിലവിൽ ട്രഷറികളിലെയും ബാങ്കുകളിലെയും ലോക്കറുകളിലാണ് ചോദ്യപേപ്പർ സൂക്ഷിക്കുന്നത്. പരീക്ഷദിവസം രാവിലെ പുറത്തെടുത്താണ് സ്കൂളുകളിലെത്തിക്കുന്നത്. പരീക്ഷ രാവിലെയാക്കിയാൽ ചോദ്യപേപ്പർ ട്രഷറികളിൽനിന്ന് പുറത്തെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ചോദ്യപേപ്പർ ട്രഷറികളിലും പിന്നീട് സ്കൂളുകളിലും എത്തിക്കുന്നതിനായി ഒരുകോടി രൂപയോളമാണ് സർക്കാരിന് ചെലവ് വരുന്നത്.

error: Content is protected !!